ദിലീപിന്‍റെ ജാമ്യത്തിനായി ബിഷപ്പ് ഇടപെട്ടിട്ടില്ലെന്ന്; വിശദീകരണവുമായി നെയ്യാറ്റിൻകര രൂപത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ബിഷപ്പിന്‍റെ പേര് ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി നെയ്യാറ്റിൻകര രൂപത. ദിലീപുമായോ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

തന്‍റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചത്. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായെന്നും ദിലീപ് പറയുന്നു.

എന്നാൽ, ആരോപണം നിഷേധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാർ രംഗത്തെത്തി. ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. അത് കേസിന് വർഷങ്ങൾക്ക് മുമ്പാണ്. നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർധ വളർത്താൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു. 

നെയ്യാറ്റിൻകര രൂപതയുടെ കുറിപ്പ്

സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്‍റ് സാമുവലിന്‍റെ പേര് പരാമർശിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമനടൻ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല.

ഒരു സമുദായത്തിന്‍റെ ആത്മീയ നേതാവ് എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വിരുദ്ധവുമാണ്. അതിനാൽ ബിഷപ്പിനെ ഇത്തരം വിഷയങ്ങളിൽ വലിച്ചിഴക്കുന്നത് ഒഴിവാക്കണം. 

Tags:    
News Summary - actress attack case neyyattinkara diocese press release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.