കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ഉച്ചക്ക് 1.30ന് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി എട്ടോടെയാണ് പൂർത്തിയായത്.
ആറര മണിക്കൂർ നീണ്ട മൊഴിയെടുക്കലിൽ ദിലീപിനെ പരിചയപ്പെട്ടതു മുതലുള്ള മുഴുവൻ കാര്യങ്ങളും പറഞ്ഞതായാണ് ബാലചന്ദ്ര കുമാർ വ്യക്തമാക്കിയത്. മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കലിനും ശേഷമാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാറും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടിട്ടുണ്ടെന്നും നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. ദിലീപും കൂട്ടാളികളും ദൃശ്യങ്ങൾ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നും ബാലചന്ദ്ര കുമാർ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപും അടുത്ത ബന്ധുക്കളും ഒരു വി.ഐ.പിയുടെ സാന്നിധ്യത്തിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു മറ്റൊരു വെളിപ്പെടുത്തൽ.
സാക്ഷികളെ കൂറുമാറ്റാൻ അഭിഭാഷകൻ മുഖേന ദിലീപ് പണം ചെലവഴിച്ചെന്നും വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങൾ മജിസ്ട്രേറ്റ് മുമ്പാകെയും ആവർത്തിച്ചതായാണ് സൂചന. അതേസമയം, കേസിൽ ഇടപെട്ട വി.ഐ.പി ആരാണെന്നത് ഇനിയും പുറത്തുവന്നിട്ടില്ല. പ്രമുഖ രാഷ്ട്രീയനേതാവാണെന്നാണ് സൂചന. നിയമവശങ്ങൾ പൂർണമായി പരിശോധിച്ച ശേഷമാണ് പൊലീസ് തുടരന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ഈ മാസം 20നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. പ്രോസിക്യൂട്ടർ രാജിവെച്ചതിനാൽ വിചാരണ നിർത്തണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷയും അന്ന് പരിഗണിക്കും. അതിനിടെ, കോടതി വരാന്തയിൽ പൾസർ സുനി മാതാവിന് കൈമാറിയതായി പറയുന്ന കത്തിന്റെ അസ്സൽ കണ്ടെത്താൻ ജയിലിൽ പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.