താൻ രാഷ്ട്രീയത്തിലേക്കില്ല, തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരമെന്ന് നടൻ ആസിഫ് അലി

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തി നടൻ ആസിഫ് അലി. താൻ എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം. കൈയെത്തും ദൂരത്തുള്ള ഭരണ സംവിധാനം വേണം. സമൂഹികമാധ്യമത്തിലൂടെയാണ്‌ ഇപ്പോൾ ആളുകൾ സംവദിക്കുന്നത്. ആളുകൾക്ക് നേരിട്ട് സംവദിക്കാൻ അവസരമുണ്ട്. വോട്ട് ചെയ്യാതെ അഭിപ്രായ പ്രകടനം നടത്തുന്നതിൽ കാര്യമില്ല. കടമ നിർവഹിക്കണമെന്നും ആസിഫ് അലി ആവശ്യപ്പെട്ടു.

തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരമെന്ന് നടൻ ആസിഫ് അലി പറഞ്ഞു. കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂളിലാണ് ആസിഫ് അലിയും സഹോദരൻ അസ്കർ അലിയും വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇക്കാര്യം പി.ജെ. ജോസഫ് തന്നെ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചുവെന്നും ആസിഫ് അലി പറഞ്ഞു.

ജനാധിപത്യത്തിന് വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യുമെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പ്. എന്റെ മൂല്യബോധങ്ങളും മര്യാദകളും ബലഹീനതകൾ അല്ല. മറിച്ച് അവയെ മുറുകെ പിടിക്കുന്നതാണ് ശക്തി. പൗരവകാശങ്ങൾക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും. വ്യക്തിയധിക്ഷേപങ്ങൾക്കും നുണ പ്രചാരണങ്ങൾക്കും എന്റെ മൗനം മറുപടിയാകുന്നത് ജനങ്ങളെ ഞാൻ അത്രക്കണ്ട് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയുന്നത് കൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. നേമം മണ്ഡലത്തിൽ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. 'ഡൺ മൈ പാർട്ട് യുവർ ടേൺ' എന്ന് എഴുതി മഷി പുരട്ടിയ ചൂണ്ടുവിരൽ ഉയർത്തികാട്ടി മോഹൻലാലിന്റെ പ്രതികരണം. സമൂഹിക മാധ്യമത്തിലാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്. മോഹൻലാലിനെ കൂടാതെ മറ്റു പല പ്രമുഖരും കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ​ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്​ഗോപി വോട്ട് ചെയ്തു. കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190ൽ സിനിമ താരം അജു വർഗീസ് വോട്ട് ചെയ്യാനെത്തി. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പ്രിഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്തു.

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഭരണമാറ്റം വേണമെന്നോ, വേണ്ടന്നോ പറയില്ലെന്ന് എൻ.എസ്.എസ് ജനറൽ ​സെക്രട്ടറി സുകുമാരൻ നായർ. പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിലവിലുള്ള സാഹചര്യം മനസിലാക്കി പഠിച്ച് വോട്ട് ചെയ്യണം. വോട്ട് ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം വിജയിക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു.

Tags:    
News Summary - Actor Asif Ali says he will not enter politics, generational change in Thodupuzha is exemplary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.