കൊച്ചി: രാത്രി സി.ഐക്ക് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവനടനെയും സിനിമ എഡിറ്ററെയും അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി വീരാന്മരിൽ വീട്ടിൽ സനൂപ് കുമാർ (28), സുഹൃത്ത് പാലക്കാട് ഒറ്റപ്പാലം വാണിയംകുളം വെള്ളറപ്പാറ വീട്ടിൽ രാഹുൽ രാജ് (30) എന്നിവരാണ് അറസ്റ്റിലായത്.
എന്നാൽ, ഇരുവരെയും നടുറോഡിലിട്ട് പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് ഇവരെ ചവിട്ടുന്നത് കണ്ടു നിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. റാസ്പുട്ടിൻ ഗാനം മദ്യപാനി അവതരിപ്പിക്കുന്ന രീതിയിൽ ചെയ്ത് സമൂഹമാധ്യമങ്ങളിൽ സനൂപ് താരമായിരുന്നു.
തിങ്കളാഴ്ച അർധരാത്രി കലൂർ ദേശാഭിമാനി ജങ്ഷനിലാണ് സംഭവം. തട്ടുകടയുടെ മുന്നിൽ പാർക്ക് ചെയ്ത ബൈക്കുകൾ ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് പറഞ്ഞ് എത്തിയ പൊലീസ്, ബൈക്കുകളുടെ രേഖകൾ ആവശ്യപ്പെട്ടു. ഇത് കൈവശമില്ലെന്നും വീട്ടിലാണെന്നും പരിവാഹൻ സൈറ്റിൽനിന്ന് പൊലീസിന് എടുത്തുകൂടെയെന്നും ഇവർ ചോദിച്ചു. ഇതേചൊല്ലിയുണ്ടായ വാക്തർക്കമാണ് അറസ്റ്റിലേക്ക് എത്തിയ സംഭവങ്ങൾക്ക് ഇടയാക്കിയത്. വാഹനത്തിന്റെ രേഖകൾ ചോദിച്ച എറണാകുളം നോർത്ത് സി.ഐയെയും സംഘത്തെയും ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് നാല് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേർ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.
ഹാർഡ് കോപ്പി ഹാജരാക്കുന്നത് എന്തിന്, പരിവാഹനിൽനിന്ന് രേഖകൾ എടുത്തുകൂടെ എന്നെല്ലാം ചോദിച്ച് യുവനടനും ഒപ്പമുണ്ടായിരുന്നയാളും വാക്തർക്കത്തിൽ ഏർപ്പെടുകയും സി.ഐയെയും പൊലീസുകാരെയും ആക്രമിച്ചു എന്നുമാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് റോഡിലേക്ക് ബൈക്ക് പാർക്ക് ചെയ്യുന്നതുമൂലം ഗതാഗതതടസ്സമുണ്ടാകുന്നതായി പരാതി ഉണ്ടായിരുന്നുവെന്നും ആളുകൾ അവിടെ തമ്പടിക്കാൻ അനുവദിക്കരുത് നിർദേശിച്ചിരുന്നതായും പൊലീസ് പറയുന്നു.
തിങ്കളാഴ്ച അർധരാത്രി നോർത്ത് സി.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ ബൈക്കുകൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്തിരുന്നു. വാഹനങ്ങളുടെ നമ്പറുകൾ നോക്കി അവക്ക് പിഴ ചുമത്തുന്നതിന് മുതിരവെ നേരത്തേ പൊലീസ് ബ്ലാക്ക് ലിസ്റ്റിൽപെടുത്തിയ ബുള്ളറ്റ് ശ്രദ്ധയിൽപെട്ടു. ഒരു ബൈക്കിന്‍റെ കീചെയിൻ കത്തിയുടെ രൂപത്തിലുള്ളതായിരുന്നു. അതിന്‍റെ ഉടമകളെ കണ്ടെത്താനായിട്ടില്ല. മറ്റ് വാഹനങ്ങളുടെ രേഖകൾ അന്വേഷിച്ചപ്പോഴാണ് യുവനടനും സുഹൃത്തുക്കളായ അഞ്ചുപേരും രേഖകൾ കൈവശമില്ല എന്ന് അറിയിച്ചത്. ബൈക്കുകൾ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സി.ഐ, എ.എസ്.ഐ തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.