കോവിഡിന്‍റെ മറവിൽ സൂപ്പർ ​സ്​പെഷാലിറ്റി ആശുപത്രി പകൽക്കൊള്ള നടത്തുന്നെന്ന്​ നടൻ; പിന്നീട്​ ക്ഷമാപണം

കോവിഡ്​ ചികിത്സയുടെ പേരിൽ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രി പകൽക്കൊള്ള നടത്തുന്നെ ആരോപണവുമായി നടനും റിട്ട. സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി വിഡിയോ പുറത്തുവിട്ടു. പിന്നീട്​ അത്​ തന്‍റെ തെറ്റിദ്ധാരണ മൂലമുണ്ടായ ആരോപണമാണെന്ന്​ വിശദീകരിച്ച്​ അദ്ദേഹം മറ്റൊരു വിഡിയോയുമായും രംഗത്തെത്തി.

ആദ്യ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി വരുന്നതിനിടെയാണ്​ തിരുത്തലും ക്ഷമാപണവുമായി രണ്ടാമത്തെ വിഡിയോ എത്തുന്നത്​. കോവിഡ് ബാധിതനായി മാംമഗലത്തെ സൂപ്പർ സ​്​പെഷാലിറ്റി ആശുപത്രിയിൽ കഴിയുമ്പോഴുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിലായിരുന്നു​ എബ്രഹാം കോശിയുടെ ആദ്യത്തെ വിഡിയോ.

ജനുവരി 28ന് കോവിഡ് സ്ഥിരീകരിച്ച് അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തിന് ഒരാഴ്ച തികയും മുമ്പ്​ ആശുപത്രി അധികൃതർ നൽകിയത് രണ്ട്​ ലക്ഷത്തിലധികം രൂപയുടെ ബിൽ ആണ്​. ഇതേക്കുറിച്ച്​ ​അന്വേഷിച്ച​പ്പോഴാണ്​ തട്ടിപ്പിന്‍റെ പിന്നാമ്പുറങ്ങൾ വെളിപ്പെട്ടതെന്ന്​ എബ്രഹാം കോശി പറയുന്നു. ഒരു മുറിയിൽ കഴിയുന്ന മൂന്നുപേരിൽ നിന്നും (എബ്രഹാം കോശി, ഭാര്യ, മകളുടെ കുട്ടി) 10,300 രൂപ വീതം വാടക ഈടാക്കിയും പിപിഇ കിറ്റ്​ ഇടപാടിലുമൊക്കെയാണ്​ തട്ടിപ്പ്​ നടത്തുന്നതെന്നും അദ്ദേഹം വ്യക്​തമാക്കുന്നു.

മറ്റ് മുറികൾ ഇല്ലാഞ്ഞത് കൊണ്ട് എ.സി റൂം ആണ് ഇവർക്ക്​ കിട്ടിയത്. 10,300 രൂപയാണ് ദിവസ വാടക. ഈ തുകയിൽ മുറി വാടകയും ഡോക്ടറുടെ ഫീസും നഴ്സിന്‍റെ ഫീസും മാത്രമാണ് അടങ്ങുന്നത്. രണ്ടാം തീയതി ആശുപത്രിക്കാർ ഒരു പാർട്ട് ബിൽ നൽകി. 2,40,000 രൂപയാണ് അതിന്‍റെ ബിൽ. അതേക്കുറിച്ച്​ അന്വേഷിച്ചപ്പോൾ മൂന്ന് പേരും ഈ ഒരു റൂമിൽ താമസിക്കുന്നതിന്​ ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നൽകണമെന്നായിരുന്നു മറുപടിയെന്ന്​ ആദ്യ വിഡിയോയിൽ പറയുന്നു. അതായത്​ 31,000 രൂപ ഒരു ദിവസം വാടകയിനത്തിൽ മാത്രം നൽകണം.

പിന്നീട്​ ഒരു തട്ടിപ്പ്​ നടക്കുന്നത്​ പിപിഇ കിറ്റിനകത്താണെന്നും അദ്ദേഹം ആരോപിച്ചിരുന്നു​. നഴ്സുമാർക്ക് രോഗികൾ ഒരുദിവസം 20 പിപിഇ കിറ്റ് വാങ്ങിച്ച് നൽകുന്നുണ്ട്​. എന്നാൽ, ഉപയോഗിക്കുന്നത്​ രണ്ടെണ്ണം മാത്രമാണ്​. തന്‍റെ കുടുംബം വിറ്റാൽ പോലും വാടക തുക ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്​.

എന്നാൽ, മുറി വാടക സംബന്ധിച്ച തന്‍റെ ആരോപണം തെറ്റിദ്ധാരണയിൽ നിന്നുണ്ടായതാണെന്ന്​ രണ്ടാമത്തെ വിഡിയോയിൽ എബ്രഹാം കോശി പറയുന്നു. മുറിവാടക 1600 രൂപ മാത്രമാണെന്നും ബാക്കി ചികിത്സ ചെലവുകളാണെന്നുമാണ്​ അദ്ദേഹം വിശദീകരിക്കുന്നത്​. ആദ്യം വിശദമായ ബിൽ ചോദിച്ചപ്പോൾ ഇങ്ങിനെ സ്​പ്ലിറ്റ്​ ചെയ്​ത്​ പറയാഞ്ഞതാണ്​ തെറ്റിദ്ധാരണക്ക്​ ഇടയാക്കിയത്​. തന്‍റെ വിഡിയോ പ്രചരിച്ച ശേഷമാണ്​ ബിൽ സംബന്ധിച്ച വിശദീകരണം ആശുപത്രിക്കാർ നൽകിയത്​.

എ.സി റൂമിന്​ 1600 രൂപ അധികമാണെന്ന്​ തോന്നുന്നില്ല. ചികിത്സയുടെ ചെലവുകൾ തീരുമാനിക്കാനുള്ള അധികാരം ആശുപത്രി അധികൃതർക്കാണ്​. തനിക്കും ഭാര്യക്കും മറ്റ്​ അസുഖങ്ങൾ കൂടിയുള്ളതിനാൽ അതിന്‍റെ ചികിത്സയും ഇതിന്‍റെ കൂടെ നടത്തുന്നുണ്ട്​. സർക്കാർ ആശുപത്രികളിൽ ഇത്ര വിദഗ്​ധ ചികിത്സ ലഭിക്കുന്നത്​ സംബന്ധിച്ച സാധ്യത തനിക്ക്​ അറിയില്ലെന്നും എബ്രഹാം കോശി പറയുന്നു. തെറ്റിദ്ധരിപ്പിച്ചതിന്​ ആശുപത്രി മാനേജ്​മെന്‍റിനോടും സ്റ്റാഫിനോടും എല്ലാവരോടും ക്ഷമ ചോദിച്ചാണ്​ രണ്ടാമത്തെ വിഡിയോ അ​ദ്ദേഹം അവസാനിപ്പിക്കുന്നത്​. 

Full View

Tags:    
News Summary - Actor Abraham Koshy says against a super specialty hospital; apologized later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.