തേഞ്ഞിപ്പലം: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാലിക്കറ്റില്‍ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് നടപടിയാകുന്നു. പ്രത്യേക സെനറ്റ് യോഗം ചേര്‍ന്ന് സര്‍വകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്തതോടെ ഇനി യു.ജി.സി, ചാന്‍സലര്‍ പ്രതിനിധികളെയാണ് തീരുമാനിക്കാനുള്ളത്. ഇത് അധികം വൈകാതെയുണ്ടാകുമെന്നാണ് സൂചന. അടുത്തദിവസം സെലക്ഷന് കമ്മിറ്റി രൂപവത്കരണമുണ്ടാകുമെന്നാണ് വിവരം.
സെലക്ഷന് കമ്മിറ്റി അംഗങ്ങളാണ് ചാന്‍സലറായ ഗവര്‍ണര്‍ മുമ്പാകെ സ്ഥിരം വി.സി നിയമനത്തിനായുള്ള പട്ടിക സമര്‍പ്പിക്കേണ്ടത്. സ്വന്തം നിലക്കോ ഐകകണ്ഠ്യേനയോ പേരുകള്‍ നിര്‍ദേശിക്കാം. സംഘ്പരിവാര്‍ താല്പര്യക്കാരനായ ചാന്‍സലര്‍ വി.സി നിയമനകാര്യത്തിലെടുക്കുന്ന നിലപാട് നിര്ണായകമായതിനാല് കരുതലോടെയായിരുന്നു ഇടത് നീക്കം. എന്നാല്‍, ഒടുവില്‍ ഇടതുപക്ഷത്തിന് മുന്‍കൈയുള്ള കാലിക്കറ്റ് സെനറ്റില്‍നിന്ന് സര്‍വകലാശാല പ്രതിനിധിയെ തെരഞ്ഞെടുക്കുകയായിരുന്നു.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള സര്‍വകലാശാല പ്രതിനിധിയെ സെനറ്റ് യോഗത്തില്‍ തെരഞ്ഞെടുത്തു. കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടാണ് സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാല പ്രതിനിധി. പ്രത്യേക സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ ഖലീമുദ്ദീന് ഡോ. ധര്‍മരാജിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.
സിന്‍ഡിക്കേറ്റംഗം അഡ്വ. എല്‍.ജി. ലജീഷ് പിന്തുണച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 39 എല്‍.ഡി.എഫ് അംഗങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫിന് 19 വോട്ട് ലഭിച്ചു. ബി.ജെ.പിക്ക് അഞ്ചു വോട്ടാണ് ലഭിച്ചത്. ഡോ. അച്യുത് ശങ്കറിന്റെ പേരാണ് യു.ഡി.എഫ് അംഗങ്ങള്‍ നിര്‍ദേശിച്ചത്. നിലവിലെ വി.സി ഡോ. പി. രവീന്ദ്രന്റെ അഭാവത്തില്‍ സിന്‍ഡിക്കേറ്റംഗം കാവുമ്പായി ബാലകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു സെനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.