മഞ്ചേരി: ദേശാഭിമാനി ലേഖകനെ ഓഫിസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി. കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനെ പദവിയിൽനിന്ന് നീക്കി.
മാര്‍ച്ച് ഏഴിനാണ് വിനയന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മഞ്ചേരിയിലെ ദേശാഭിമാനി ഓഫിസിലെത്തി ആക്രമണം നടത്തിയത്. വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആദ്യം ഫോണിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പിന്നീട് ഓഫിസിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ വാരിവലിച്ച് താഴെയിട്ട സംഘം കീ ബോര്‍ഡ് ഉപയോഗിച്ച് തലക്ക് അടിക്കുകയും ചെയ്തു.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ലേഖകന്‍ ടി.വി. സുരേഷ് പൊലീസിലും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പത്രത്തിന്റെ ലേഖകനെ ബ്രാഞ്ച് സെക്രട്ടറി തന്നെ കായികമായി നേരിട്ടത് വലിയ വാര്‍ത്തയായതോടെ നേതൃത്വം പ്രതിരോധത്തിലായിരുന്നു. പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം ശക്തമായി. തൊട്ടടുത്ത ദിവസം തന്നെ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി.
ലോക്കല്‍, ബ്രാഞ്ച് ഘടകങ്ങളിലെ യുവനേതാക്കള്‍വിനയനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഏരിയ കമ്മിറ്റിയും ഇതിനെ അനുകൂലിച്ചു. എന്നാല്‍, വിനയന്‍ അനൂകൂലികളുടെ സമ്മർദം കാരണം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും പാര്‍ട്ടി അംഗത്വത്തില്‍നിന്ന് താൽക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.