നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള പാരിസ്ഥിതിക സമരങ്ങള്‍ നേരിടാന്‍ നടപടി -വ്യവസായ മന്ത്രി

തൃശൂര്‍: വ്യവസായ സംരംഭങ്ങള്‍ക്കെതിരെ നിക്ഷിപ്ത താല്‍പര്യങ്ങളോടെയുള്ള പാരിസ്ഥിതിക സമരങ്ങള്‍ നേരിടാന്‍ സംരംഭകര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതായി വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. അനുമതി നല്‍കേണ്ട വകുപ്പുകളുടെ ചട്ടങ്ങളിലും നിയമങ്ങളിലും ഇതിന് അനുസൃതമായി ഭേദഗതി വരുത്തും.

എന്നാല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംരംഭകര്‍ തന്നെ പരിഹരിക്കണം. അതിന് സര്‍ക്കാറിന്‍െറ പിന്തുണ ഉണ്ടാകും. നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ ഇ-ഗവേണന്‍സ് സംവിധാനവും ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ ജില്ല വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്‍െറ കയറ്റുമതി നയം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും. വ്യവസായം ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ഏകജാലക അനുമതി ലഭ്യമാക്കാനുള്ള സംവിധാനം  സജ്ജമാക്കും. 30 ദിവസത്തിനകം അനുമതി ലഭിക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കുന്നത്. കാര്‍ഷികാധിഷ്ഠിതമായി സംസ്ഥാനത്തിന്‍െറ സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ യുവജനങ്ങളുടെ സാങ്കേതിക വിജ്ഞാനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും നിക്ഷേപസംഗമത്തില്‍ വരുന്ന നൂതന ആശയങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
വിപണിയില്‍ വലിയ മത്സരത്തില്‍ വരാത്ത ഉല്‍പന്നങ്ങള്‍ കേരളത്തില്‍ ലഭ്യമായ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കാന്‍ സംരംഭകര്‍ ശ്രദ്ധിക്കണം.
സംസ്ഥാനത്തെ മനുഷ്യവിഭവശേഷി കേരളത്തിന് പുറത്തും രാജ്യത്തിനു പുറത്തും ആഭ്യന്തരമായി പുറം കരാര്‍ ജോലികളിലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പാശ്ചാത്യ, മധ്യ-പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തദ്ദേശീയര്‍ക്ക് മാത്രമെ തൊഴില്‍ നല്‍കുകയുള്ളൂ എന്ന നിലപാടിലേക്ക് നീങ്ങുകയാണ്.
ഈ നിലപാട് ശക്തിപ്പെട്ടാല്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരായ മലയാളിയുവാക്കള്‍ തൊഴില്‍ പ്രതിസന്ധി നേരിടുകയും സംസ്ഥാനത്തിന്‍െറ വിദേശ നാണ്യവരവ് കുറയുകയും ചെയ്യും. ഇതിനെ ഫലപ്രദമായി നേരിടാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കെ കഴിയൂ.
വന്‍കിട സംരംഭങ്ങളെ അപേക്ഷിച്ച് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാത്തതും ഇതിന്‍െറ മേന്മയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ പൊതുമാര്‍ക്കറ്റിങ് പ്ളാറ്റ്ഫോം രൂപവത്കരിക്കും. കാലതാമസം കൂടാതെ വായ്പ ലഭ്യമാക്കാന്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് വേണ്ട ഉത്തരവുകള്‍ ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. 300ഓളം സംരംഭകര്‍ സംഗമത്തില്‍ പങ്കെടുത്തു. 66.15 കോടി യുടെ നിക്ഷേപ സാധ്യതയും ആയിരത്തോളം പേര്‍ക്ക് തൊഴില്‍ സാധ്യതയും പ്രതീക്ഷിക്കുന്നു.
പുഴക്കല്‍പാടത്ത് രണ്ടാമത്തെ ബഹുനില വ്യവസായ സമുച്ചയം സ്ഥാപിക്കാന്‍ 25.25 കോടി രൂപയും അത്താണി വ്യവസായ എസ്റ്റേറ്റുകളിലെ റോഡുകള്‍ക്ക് 75.5 ലക്ഷം രൂപയും വരവൂര്‍ വ്യവസായ പ്ളോട്ടിന്‍െറ രണ്ടാം ഘട്ട വികസനത്തിന് 3.32 കോടിയും സര്‍ക്കാര്‍ അനുവദിച്ചതായി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ സംരംഭക അസോസിയേഷന്‍ പ്രസിഡന്‍റ് ഫിലിപ്പ് എ. മുളക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.എസ്.ഐ.ഡി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് കുര്യന്‍, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ ദീപ് എസ്. പിള്ള, ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഇ. സലാഹുദ്ദീന്‍, മാനേജര്‍ ഡോ.കെ.എസ്. കൃപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    
News Summary - action against environmental stikes with vested interest says kerala industries minister in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.