കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിലിനെതിരെ കത്തീഡ്രൽ ബസിലിക്കയിലുണ്ടായ പ്രതിഷേധം സിറോ മലബാർ സഭക്ക് അഗാധമായ ദുഃഖമുണ്ടാക്കിയെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെ 31ാമത് സിനഡിന്റെ മൂന്നാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വത്തിക്കാൻ പ്രതിനിധിക്കെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷസാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതീകരിക്കാനാകാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണ്. കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്ക കൂട്ടായ്മയെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കരാഹിത്യം സഭക്ക് അപകടകരമാണെന്ന് സിറിൽ വാസിലും പറഞ്ഞു.
സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. സഭയുടെ മേജർ സെമിനാരികളുടെ റെക്ടർമാരുമായും സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുമായും സിനഡ് മെത്രാൻമാർ കൂടിക്കാഴ്ച നടത്തും. സമ്മേളനം ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.