അന്ധവിശ്വാസ വിരുദ്ധ നിയമത്തിനെതിരെ ആചാര്യസഭ: 'ഹിന്ദു വിശ്വാസങ്ങളെ തകർക്കുന്നതിനെതിരെ പോരാടും'

കൊച്ചി: ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന അന്ധവിശ്വാസ വിരുദ്ധ നിയമത്തിനെതിരെ മുപ്പത്തിരണ്ടോളം ആചാര്യ സംഘടനകൾ രംഗത്ത്. അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഇടപ്പള്ളി ശ്രീരാമദാസമഠം ദേവസ്ഥാനത്ത് സംഘടിപ്പിച്ച ആചാര്യസഭയാണ് നിയമനിർമാണത്തെ രൂക്ഷമായി എതിർത്ത് രംഗത്തെത്തിയത്.

അന്ധവിശ്വാസത്തിനെതിരെ എന്ന പേരിൽ ഹിന്ദു വിശ്വാസങ്ങളെ തകർക്കാനുള്ള ഗൂഢാലോചനക്കെതിരെ സംയുക്തമായി പോരാട്ടം സംഘടിപ്പിക്കുമെന്ന് ആചാര്യസഭ മുന്നറിയിപ്പ് നൽകി. വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിച്ചു വ്യാഖ്യാനിക്കണം. ശാസ്ത്രപുസ്തകങ്ങളെ സര്‍ക്കാര്‍തലത്തില്‍ അംഗീകരിക്കണം. പരമ്പരാഗത ആചാരങ്ങളെ എതിര്‍ക്കുന്ന പ്രവണത അവസാനിപ്പിച്ച് വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ബില്ല് ഉപേക്ഷിക്കണമെന്നും ആചാര്യസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആചാരങ്ങളെ വികലമായി അവതരിപ്പിക്കുന്ന രീതി ഇന്ന് കേരള സമൂഹത്തില്‍ തുടരുകയാണ്. ജ്യോതിഷം, തന്ത്രം, വാസ്തുവിദ്യ, വൈദികാചരണങ്ങള്‍ എന്നിവ അന്ധവിശ്വാസമാണെന്ന കാഴ്ചപ്പാടോടെ അന്ധവിശ്വാസ നിരോധന നിയമം അവതരിപ്പിക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടില്‍ നടക്കുന്ന കൊലപാതകം, പണം തട്ടിപ്പ്, ബലാത്സംഗം, അക്രമം എന്നിവ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഇപ്പോള്‍ തന്നെ നിയമമുണ്ട്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് ദോഷകരമല്ലാത്ത ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തില്‍ ഈ നിയമനിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറണമെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ചേർന്ന ആചാര്യ സഭ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജ്യോതിശാസ്ത്രമണ്ഡലം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ചെത്തല്ലൂര്‍ വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ. ബാലകൃഷ്ണന്‍ വാര്യര്‍, ചെറുവള്ളി നാരായണന്‍ നമ്പൂതിരി, ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.യു രഘുരാമന്‍ പണിക്കര്‍, ധര്‍മാചാര്യ സഭ സംസ്ഥാന സമിതി അംഗം കെ.എസ്. ജ്യോതിസ് പറവൂര്‍, തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി കിടാക്കോട് രാധാകൃഷ്ണന്‍ പോറ്റി, തന്ത്രി സമാജം മധ്യ മേഖല പ്രസിഡന്റ് ചേന്നാസ് നാരായണന്‍ നമ്പൂതിരി, എസ്.എന്‍.ഡി.പി വൈദിയോഗം വൈസ് പ്രസിഡന്റ് ജോഷി ശാന്തി, വാസ്തുശാസ്ത്ര മണ്ഡലം സംസ്ഥാന സെക്രട്ടറി സുനില്‍ കോന്നി, മറ്റം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം. രാമചന്ദ്രന്‍, സി. സുകുമാരന്‍, തന്ത്രവിദ്യാപീഠം വൈസ് പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍ നമ്പൂതിരി, കാക്കശ്ശേരി രവീന്ദ്രന്‍ പണിക്കര്‍, സനാതന പുരോഹിത സമാജം ജനറല്‍ സെക്രട്ടറി പി.എന്‍. പരമേശ്വരന്‍ നമ്പൂതിരി, ആലുവ വ്യാസചൈതന്യ, ജ്യോതിഷ താന്ത്രിക വേദി സെക്രട്ടറി ശ്രീകുമാര്‍ കൃഷ്ണന്‍, സതീശന്‍ ആചാരി കൊടുങ്ങല്ലൂര്‍, കോലഴി സുരേന്ദ്ര പണിക്കര്‍, ഉണ്ണിരാജ കുറുപ്പ്, നാഗലശ്ശേരി വേണുഗോപാല്‍, ഡോ. സി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആചാര്യ സഭയുടെ സംയോജകനായി ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന സെക്രട്ടറി എസ്. ശ്രേയസ്സിനെ തിരഞ്ഞെടുത്തു.

Tags:    
News Summary - Acharya Sabha Against Anti-Superstition Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.