സന്തോഷ്
പാലക്കാട്: പുതുശ്ശേരി ഹൈവേയില്‍നിന്ന് നാലര കോടി തട്ടിയ കേസില്‍ കാർ തടഞ്ഞുനിർത്തിയ ടിപ്പര്‍ ലോറിയുടെ ഉടമ കോടതിയില്‍ കീഴടങ്ങി. കോങ്ങാട് ചെറായ ചിങ്ങത്ത് വീട്ടിൽ സന്തോഷാണ് (35) വ്യാഴാഴ്ച പാലക്കാട് ജെ.എഫ്.സി.എം-രണ്ട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസം കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും നാല് ദിവസമാണ് അനുവദിച്ചത്.
ഇയാളില്‍നിന്ന് രണ്ട് ലക്ഷത്തോളം രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച കേസിലെ മൂന്ന് പ്രതികളെ കസബ പൊലീസ് പിടികൂടിയിരുന്നു. തൃശൂര്‍ ഈസ്റ്റ്കോടാലി സ്വദേശി വിജില്‍ (35), പാലക്കാട് കോങ്ങാട് സ്വദേശി അസീസ് (34), കൊളപ്പടം മണിക്കാശ്ശേരി വിനോദ് (45) എന്നിവരാണിവർ. ഇവരെ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ ചുമതലയുള്ള ജെ.എഫ്.സി.എം-രണ്ട് കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കസബ ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച മൂന്നോടെയാണ് പുതുശ്ശേരി കുരിക്കാട് വെച്ച് ബംഗളൂരുവില്‍നിന്ന് മലപ്പുറത്തേക്ക് വരുകയായിരുന്ന മൂന്നംഗ സംഘത്തെ ടിപ്പര്‍ ലോറിയിലും കാറുകളിലുമായി എത്തിയ 15 അംഗ സംഘം ആക്രമിച്ച് പണവും കാറും തട്ടിയെടുത്തത്. പണവുമായി എത്തിയ മലപ്പുറം സ്വദേശികളായ ആസിഫ് (40), മുഹമ്മദ് ഷാഫി (38), ഇബ്നു വഫ(24) എന്നിവരെ തൃശൂര്‍ ഇരിങ്ങാലക്കുട മാപ്രാണത്ത് ഇറക്കിവിട്ടിരുന്നു. ഇവരുടെ പരാതിയിലാണ് കസബ പൊലീസ് അന്വേഷണം തുടങ്ങിയത്.
കോങ്ങാട് സ്വദേശി അസീസിനെ ബുധനാഴ്ച തച്ചമ്പാറയില്നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശി വിജില്‍, വിനോദ് എന്നിവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.