ദിനേശ്​ 

കാട്ടാനയെ തുരത്തുന്നതിനിടെ അപകടം; വനം വകുപ്പ് വാച്ചറായ ആദിവാസി യുവാവിന്‍റെ കാഴ്ച നഷ്​ടപ്പെട്ടു

പേരാവൂർ (കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചറായ ആദിവാസി യുവാവിന്‍റെ കാഴ്ച നഷ്​ടപ്പെട്ടു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്കിൽ 261ാം നമ്പർ പ്ലോട്ടിലെ താമസക്കാരനും ആറളം വനമേഖലയിൽ വനംവകുപ്പിലെ താൽക്കാലിക വാച്ചറുമായ സി. ദിനേശന്‍റെ (39) കാഴ്ചശക്തിയാണ് നഷ്​ടമായത്

ഡിസംബർ 23നായിരുന്നു അപകടം. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള വനം വകുപ്പിന്‍റെ നേതൃത്വത്തിലെ പ്രത്യേക ദൗത്യസംഘത്തിലെ അംഗമായിരുന്നു താൽക്കാലിക ജീവനക്കാരനായ ദിനേശൻ. വനം വകുപ്പിലെ ആർ.ആർ.ടിയുൾപ്പെടെ വിവിധ വിഭാഗങ്ങളും ഫാമിലെ തൊഴിലാളികളും പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളുമായിരുന്നു ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്.

ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിൽ ജനവാസ മേഖലയിൽ തമ്പടിച്ച ആനക്കുട്ടികൾ ഉൾപ്പെടെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് ദിനേശന് അപകടം സംഭവിച്ചത്. കൈയിലുണ്ടായിരുന്ന ഉച്ചത്തിൽ ശബ്​ദമുണ്ടാക്കി തുരുത്താനുള്ള പ്രത്യേകതരം ഉപകരണം ദിനേശന്‍റെ മുഖത്തേക്ക് തെറിക്കുകയായിരുന്നു .ഇതിന്‍റെ അവശിഷ്ടം ഇടതുകണ്ണിലേക്ക് തറച്ച്​ കയറി.

ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാഴ്ച വീണ്ടെടുക്കാൻ സാധിച്ചില്ല. ആറളം ഫാം ഏഴാം വാർഡിൽനിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ മിനി ദിനേശന്‍റെ ഭർത്താവാണ് ദിനേശൻ. 11 വർഷമായി വനം വകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുകയാണ്​. ജോലിക്കിടെ കാഴ്ച നഷ്​ടപ്പെടാനുണ്ടായ സാഹചര്യം പരിഗണിച്ച് മതിയായ സാമ്പത്തിക സഹായവും വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Accident while chasing elephent; The tribal youth, a forest department watchman, lost his sight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.