തൃശൂർ/മുളങ്കുന്നത്തുകാവ്: വനിത ഡോക്ടര്‍ ട്രെയിനില്‍നിന്ന് വീണു മരിച്ച സംഭവത്തിൽ അന്വേഷണം അനിവാര്യമെന്ന് ഫോറൻസിക് വിദഗ്ധർ. മൃതദേഹത്തിെൻറ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പത്തനംതിട്ട മുരളീസദനത്തിൽ ഡോ. അനൂപിെൻറ ഭാര്യ ഡോ. തുഷാരയെയാണ്(36) ചൊവ്വാഴ്ച തൃശൂർ പോട്ടോരിൽ റെയിൽ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നും മംഗളൂരുവിലേക്ക് പോയ മലബാര്‍ എക്സ്പ്രസിലാണ് സംഭവം. ഒപ്പം യാത്ര ചെയ്ത മക്കളും സഹായിയായ സ്ത്രീയും തുഷാരയുടെ മരണം അറിയാതെ യാത്ര തുടര്‍ന്നു. രാവിലെ ഉറക്കമുണര്‍ന്ന കുഞ്ഞുങ്ങള്‍ അമ്മയെ കാണാതെ കരഞ്ഞു. സഹയാത്രികരാണ് കുട്ടികളെ കണ്ണൂരിലുള്ള ബന്ധുക്കളെ ഏല്പിച്ചത്.
അന്വേഷണത്തിൽ തിരൂരിൽ തുഷാരയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂരിലുള്ള സ്വന്തം വീട്ടിലേക്ക് കുട്ടികളേയും സഹായിയേയും കൊണ്ട് പോകുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍നിന്നും ഭര്‍ത്താവ് ഡോ. അനൂപ് ട്രെയിന്‍ കയറ്റി വിട്ടതാണ്. റിസര്‍വേഷന്‍ കോച്ചിൽ മൂന്നു മക്കളുമൊത്തായിരുന്നു യാത്ര. മക്കളായ കാളിദാസനും വൈദേഹിയുമാണ് അമ്മയെ അന്വേഷിച്ച് ബഹളം വെച്ചത്. ഇളയ കുട്ടിക്ക് രണ്ടര വയേസ്സയുള്ളൂ. യാത്രക്കാരില്‍ ഒരാള്‍ കുട്ടികളുടെ കൈയില്‍നിന്നും കണ്ണൂരിലുള്ള ബന്ധുവിെൻറ നമ്പര്‍ വാങ്ങിയാണ് അവരെ ബന്ധപ്പെട്ടത്. ബന്ധുക്കള്‍ റെയില്‍വേ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
രാത്രി ശൗചാലയത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍ വീണാതാകാമെന്നാണ് തുഷാരയുടെ മരണത്തിൽ ഇൻക്വസ്റ്റ്തയാറാക്കിയ വിയ്യൂര്‍ പൊലീസിെൻറ നിഗമനം. എന്നാൽ ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.
ട്രെയിനിൽ നിന്ന് വീണതാണോ, മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. മുഖമടിച്ച് വീണതിെൻറ പരിക്കുകളുണ്ട്. തലയോട്ടി പൊട്ടുകയും തലച്ചോർ തകർന്ന് രക്തം കട്ടപിടിക്കുകയും ചെയ്തതാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. നെറ്റിയിലെ ആഴത്തിലുള്ള മുറിവ് സംശയകരമാണ്. ശരീരത്തിലെ മുറിവുകൾ പലതും വീണതിേൻറതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും ഇക്കാര്യം അന്വേഷിക്കേണ്ടതാണെന്നും ഫോറൻസിക് വിദ്ഗധൻ കൂടിയായ ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു. ബുധനാഴ്ച രാവിലെ പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.