എസ്.​എഫ്.ഐ ആരോപണം ഏറ്റുപിടിച്ച് എ.ബി.വി.പി: ‘പ​ച്ച​ക്ക് മ​തം​പ​റ​ഞ്ഞു ജീ​വി​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യേ ഉ​ള്ളൂ, എം​.എ​സ്.എ​ഫ് ആ​ണ്...’

തിരുവനന്തപുരം: എം.എസ്.എഫിനെതിരായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്‍റെ വിമർശനം ഏറ്റുപിടിച്ച് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്‌. കേ​ര​ള​ത്തി​ൽ പ​ച്ച​ക്ക് മ​തം​പ​റ​ഞ്ഞു ജീ​വി​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യേ ഉ​ള്ളൂ എന്നും അ​ത് എം​.എ​സ്.എ​ഫ് ആ​ണെന്നുമാണ് ഈശ്വരപ്രസാദിന്റെ ആരോപണം.

ഇന്ന​ലെ സഞ്ജീവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികലയും രംഗത്തെത്തിയിരുന്നു. സത്യം പറയാനുള്ള ധൈര്യം സഞ്ജീവിന് വന്നല്ലോ എന്നും ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നതെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ചിത്രവും ശശികല എഫ്.ബി പോസ്റ്റിൽ പങ്കുവെച്ചു.

തട്ടിൻപുറത്തെ അറബി കോളജുകളിലെയും ലീഗ് മാനേജ്‌മെന്റുള്ള കോളജുകളിൽ തെരഞ്ഞെടുപ്പ് പോലും നടത്താതെയും യു.യു.സിമാരെ ഉപയോഗിച്ചാണ് എം.എസ്.എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നതെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ ആരോപണം. പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടിൽ അക്രമം നടത്തുന്ന എസ്.ഡി.പി.ഐക്കാരുടെയും പോപ്പുലർ ഫ്രണ്ട്കാരുടെയും ബാക്കിപത്രമാണ് എം.എസ്.എഫ് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു എം.എസ്.എഫിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

‘മുസ്‍ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സ്വത്വബോധമൊന്നുമല്ല കൈകാര്യം ചെയ്യുന്നത്. എം.എസ്.എഫ് ജമാഅത്തെ ഇസ്‍ലാമിക്കും കാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുകയാണ്. ഒന്നുമറിയാത്ത ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എം.എസ്.എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മത വർഗീയത വാദം മാത്രം കൈമുതലായിട്ടുള്ള സംഘടനയാണ് എം.എസ്.എഫ്. പി.കെ. നവാസ് ഒന്നാം നമ്പർ വർഗീയവാദിയാണ്. ഇത് ഞങ്ങൾ എവിടെയും പറയും, അതിന് നവാസിന്‍റെ ലൈസൻസ് വേണ്ട. തെറ്റായ രാഷ്ട്രീയമാണ് എം.എസ്.എഫ് കൈകാര്യം ചെയ്യുന്നത്.

മതേതരത്വം നിലനിൽക്കുന്ന കാമ്പസിൽ എത്തുമ്പോൾ എം.എസ്.എഫ്, യു.ഡി.എസ്.എഫ് ആകും. കെ.എസ്‌.യുവിനെ പൂർണമായും എം.എസ്.എഫ് വിഴുങ്ങി. എം.എസ്.എഫിനെ എസ്.ഡി.പി.ഐയും കാമ്പസ് ഫ്രണ്ടും വിഴുങ്ങി. അതിന്റെ ഭാഗമായാണ് പി.കെ. നവാസിനെ പോലുള്ള വർഗീയവാദികൾ എം.എസ്.എഫ് നേതൃത്വത്തിൽ വന്നത്’ -സഞ്ജീവ് ആരോപിച്ചിരുന്നു.

Tags:    
News Summary - ABVP backs SFI allegations against MSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.