ഓണം സ്പെഷ്യൽ അരി, കിറ്റ് വിതരണം താളംതെറ്റുന്നു, കോഴിക്കോട്ട് ഇതുവരെ അരിയും കിറ്റും എത്തിയില്ല

കോഴിക്കോട്: ഓണം പടിവാതിൽക്കൽ എത്തിയിട്ടും സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി, ഓണക്കിറ്റ് വിതരണം താളംതെറ്റുന്നു. കോഴിക്കോട് ജില്ലയിൽ ഓണം സ്പെഷ്യൽ അരി വിതരണത്തിന് എത്തിയിട്ടില്ല. ഈ മാസം 10 മുതൽ വിതരണം ചെയ്യണമെന്ന് അറിയിച്ച കിറ്റിന്റെ അവസ്ഥയും മറിച്ചല്ല. സ്പെഷ്യൽ അരി എന്ന് എത്തുമെന്നത് സംബന്ധിച്ച് ചോദിച്ചാൽ സപ്ലൈകോ ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടിയില്ലെന്നാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.പി. അഷ്റഫ് ആരോപിച്ചു. സ്പെഷ്യൽ അരി ചോദിച്ചെത്തുന്ന വ്യാപാരികളോട് മറുപടി പറഞ്ഞു മടുത്തുവെന്നും, റേഷൻ വ്യാപാരികൾ റേഷൻ കാർഡുടമകളോട് മറുപടി പറഞ്ഞു മടുത്തുവെന്നും, തൃപ്തരാകാത്ത കാർഡുടമകളുമായി വാക്കുതർക്കവും കയ്യാങ്കളിയും പതിവായിരിക്കുകയാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. സ്പെഷ്യൽ അരി എന്ന് മുതൽ വിതരണം തുടങ്ങുമെന്ന് കൃത്യമായി അറിയിക്കാൻ അധികൃതർ തയ്യാറാവണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നാളെയും മറ്റന്നാളും അവധിയായതിനാൽ ഈ ദിവസങ്ങളിലും റേഷൻ സ്പെഷ്യൽ അരി വിതരണം നടക്കില്ല.

എന്നാൽ ജില്ലയിലെ എഫ്.സി.ഐ. ഗോഡൗണുകളിൽ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷൻ കടകളിൽ ഓണം സ്പെഷ്യൽ അരി എത്താൻ വൈകുന്നതെന്നാണ് ജില്ലാ റേഷനിങ് ഓഫീസിൽ നിന്ന് അറിയിച്ചത്. ഗോഡൗണുകളിൽ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും അടുത്ത പ്രവൃത്തിദിനം വിതരണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

മഞ്ഞക്കാർഡുകൾക്കുള്ള ഓണക്കിറ്റ് സപ്ലൈകോയിൽ നിന്ന് ലഭിച്ചില്ലെന്നും അധികൃതർ അറിയിച്ചു. ജില്ലയിൽ 38,417 മഞ്ഞക്കാർഡുകളാണ് ഉള്ളത്. കൂടാതെ സാമൂഹികക്ഷേമ വകുപ്പിന് കീഴിലുള്ള അന്തേവാസികൾക്ക് നാലുപേർക്ക് ഒരു കിറ്റ് വീതവുമാണ് അനുവദിക്കുന്നത്. സംസ്ഥാനത്ത് മറ്റു പല ജില്ലകളിലും സൗജന്യ ഓണക്കിറ്റ് വിതരണവും മുടങ്ങിയതായി റിപ്പോർട്ടുണ്ട്. കിറ്റ് തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ സപ്ലൈക്കോയിൽ എത്താതതാണ് പാക്കിങിന് തടസ്സമാവുന്നത്.

ഈ മാസം അഞ്ചുമുതൽ കിറ്റുകൾ റേഷൻകടകളിൽ എത്തിക്കണമെന്നും 10 മുതൽ വിതരണം ചെയ്യണമെന്നുമായിരുന്നു നിർദേശം. അരി, പയർ, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ശർക്കര, ശബരി തേയില തുടങ്ങി 16 ഇനം സാധനങ്ങളാണ് കിറ്റിൽ വേണ്ടത്

Tags:    
News Summary - Onam special rice and kit distribution disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.