ഹൈകോടതി

മൈക്രോഫിനാന്‍സ് തട്ടിപ്പ്: ഒരു കേസിലും കുറ്റപത്രം നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതിയിൽ

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പിൽ ഒരു കേസിലും കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. ശശിധരൻ ഹൈകോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസിൽ കുറ്റപത്രം നൽകിയോ എന്ന കോടതി ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി മറുപടി നൽകിയത്.

എട്ട് കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ട്. പുൽപ്പള്ളി, റാന്നി കേസുകളിൽ അന്വേഷണം പൂർത്തിയായെന്നും എസ്.പി. അറിയിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നും ഇത് ലഭ്യമായാൽ കുറ്റപത്രം നൽകുമെന്നുമായിരുന്നു എസ്.പി. കോടതിയിൽ നൽകിയ വിശദീകരണം. പ്രോസിക്യൂഷൻ അനുമതി അപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാൻ പിന്നോക്ക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈകോടതി നിർദേശം നൽകി.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനമാണ് ഹൈകോടതി ഉന്നയിച്ചത്. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016 ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം ആരംഭിച്ചത്.

സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി. കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം ഉയർന്നത്. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവയിലൂടെ 15 കോടി തട്ടിയെന്നാണ് വി.എസിന്റെ ആരോപണം.

Tags:    
News Summary - Microfinance fraud: Investigating officer tells High Court that no chargesheet has been filed in any case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.