കരുനാഗപ്പള്ളി: സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎൽഎ സിആർ. മഹേഷ്. സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം ആണ്. ‘എന്റെ ഭാഗത്തു നിന്നും അങ്ങനെ ഒരു പിഴവ് ഉണ്ടായി. പലർക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളിൽ പിഴവ് ഉണ്ടാവാറുണ്ട്. പ്രതേകിച്ചു ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും അങ്ങനെ ഉണ്ടാകുവാൻ പാടില്ല. ഞാൻ അതിൽ ഖേദം പ്രകടിപ്പിക്കുന്നു’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
സി ആർ മഹേഷും കായിക മന്ത്രി ഒ ജെ ജനീഷിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്സൺ ജെയിംസുമാണ് നിയമങ്ങൾ ലംഘിച്ച് കാർ യാത്ര നടത്തിയത്. ദൃശ്യങ്ങളിൽ കാർ ഓടിക്കുന്ന ജെയ്സൺ ജെയിംസ് സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്ന് വ്യക്തമാണ്. വാഹനം ഓടിച്ചു കൊണ്ട് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയാണ് കാർ യാത്ര. കൂടെയുണ്ടായിരുന്ന എംഎൽഎ സി ആർ മഹേഷും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല. ഈ ദൃശ്യങ്ങൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടി സാറിന്റെ കല്ലറയിൽ പോകുന്ന വഴിക്കാണ് പിഴവ് സംഭവിച്ചതെന്ന് ഞാൻ ഓർക്കുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് ഇങ്ങനെയുള്ള കേസുകളുടെ എല്ലാം പിഴഅടച്ചു എന്നതാണ് എന്റെ ഓർമ്മ.
ഇല്ല എങ്കിൽ പിഴ അടക്കുവാനും തെറ്റ് ആവർത്തിക്കാതെ ഇരിക്കാനും ശ്രദ്ധിക്കുന്നതാണ്. ഈ സംഭവം വിഷ്വൽ മീഡിയകളിൽ വാർത്ത വന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ആയതിനാൽ ഈ സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് നന്ദിയും രേഖപ്പെടുത്തുന്നു’ -സി.ആർ. മഹേഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.