‘പിണറായി വിജയനെ വിമര്‍ശിക്കാം. പക്ഷേ, നനഞ്ഞകോഴി എന്നൊക്കെ ആക്ഷേപിക്കുന്നത് അധികപ്രസംഗം’ -ജി. ​സു​ധാ​ക​ര​നെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്ന് പരിഹസിച്ച സി.പി.എം മുൻ നേതാവും എം.എൽ.എയുമായ ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു.

പിണറായിയെ നനഞ്ഞ കോഴി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണെന്നും ഇത് ചുട്ട മറുപടി അർഹിക്കുന്ന വിടുവായത്തമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ  കുറിച്ചു. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സുധാകരസ്വഭാവം, എല്ലാം തുറന്ന് പറയാത്തത് പാർട്ടി അച്ചടക്കം അനുവദിക്കാത്തതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടി.

‘സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പാണ്. തെരഞ്ഞെടുപ്പിന് ആരോടും ഞാൻ പണം ചോദിക്കാറില്ല എന്നാണ് സുധാകരൻ പറയുന്നത്. അങ്ങനെയെങ്കിൽ 2021-ൽ സ്ഥാനാർഥിത്വം കിട്ടുമെന്ന് കരുതി അരൂർ ഭാഗത്ത്‌ ദിവസങ്ങളോളം ഒരു പ്ലഗിന്റെ കൂടെ ഓടി നടന്ന് കയറ്റുമതിക്കാരിൽനിന്നും മറ്റും ശേഖരിച്ച പണം ഏതു കണക്കിൽ വരും. പിരിച്ചതിന് രസീത് പോലും കൊടുത്തില്ലല്ലോ’ -ചന്ദ്രബാബു ആരോപിച്ചു.

കഴിഞ്ഞ ദിവസം എം.എൽ.എ ഓഫിസ് ഉദ്ഘാടനവേളയിലായിരുന്നു സുധാകരന്റെ പരാമർശം. ‘വെള്ളത്തിൽ വീണ അവസ്ഥയാണ് പിണറായിക്ക്. ഒന്നും മിണ്ടുന്നില്ല. കെ.എൻ. ബാലഗോപാലിനാകട്ടെ, സംസാരിക്കാനും അറിയില്ല. കഴിഞ്ഞ സർക്കാരിലെ ധനകാര്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രൂക്ഷവിമർശനമുയർത്തിയിട്ടും ഒരക്ഷരം എതിർത്തുപറയാൻ ആർക്കും കെൽപ്പുണ്ടായില്ല. താമസ് ഐസക്ക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറയുമായിരുന്നു’ -സുധാകരൻ പറഞ്ഞു.

Full View

സി.ബി. ചന്ദ്രബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജി. സുധാകരൻ പിന്നെയും വിഡ്ഢിവേഷം കെട്ടുന്നു. പിണറായി വിജയനെ വിമർശിക്കാം. പക്ഷേ, നനഞ്ഞ കോഴി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണ്. ഇത് ചുട്ടമറുപടി അർഹിക്കുന്ന വിടുവായത്തരമാണ്. അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സുധാകരസ്വഭാവം, എല്ലാം തുറന്ന് പറയാൻ പാർട്ടി അച്ചടക്കം അനുവദിക്കാത്തത് കൊണ്ടാണ്.

1991 ൽ കോഴിക്കോട് നടന്ന പാർട്ടി സംസ്ഥാന സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദം എനിക്ക് നേരിൽ മനസ്സിലാക്കാൻ കഴിഞ്ഞത് പറയാനാകും. ഓരോ വ്യക്തിക്കും അവരുടേതായ സ്വഭാവവിശേഷങ്ങൾ ഉണ്ടാകും. അതിൽ നല്ല ഭാഗം മാത്രമാണ് നമ്മൾ പൊതുവെ കാണുന്നത്. എന്നാൽ, അതിനൊരു മറുവശം ഉണ്ട്‌.എനിക്കുമുണ്ടാകും. സുധാകരന്റെ ആ ഭാഗം വളരെ ജീർണാവസ്ഥയിൽ ആണ്. പലതും പറയേണ്ടി വരും.

ഇദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പ്രതിച്ചായ വെറും തട്ടിപ്പാണ്. ഇലക്ഷന് ആരോടും ഞാൻ പണം ചോദിക്കാറില്ല എന്നാണ് സുധാകരൻ പറയുന്നത്. അങ്ങനെയെങ്കിൽ 2021ൽ സ്ഥാനാർഥിത്വം കിട്ടുമെന്ന് കരുതി അരൂർ ഭാഗത്ത്‌ ദിവസങ്ങളോളം ഒരു പ്ലഗിന്റെ കൂടെ ഓടി നടന്ന് കയറ്റുമതിക്കാരിൽനിന്നും മറ്റും ശേഖരിച്ച പണം ഏതുകണക്കിൽ വരും. പിരിച്ചതിന് രസിത് പോലും കൊടുത്തില്ലല്ലോ.

ഒരിക്കൽ കെ.ആർ. ഗൗരിഅമ്മ പാർട്ടി നേതാവും അരൂർ എം.എൽ.എയും ഒക്കെയായി പ്രവർത്തിക്കുന്ന കാലത്ത് പാർട്ടിയുടെ ആവശ്യത്തിന് വേണ്ടി അന്നത്തെകാലത്ത് സാമാന്യം വലിയ ഒരു തുക വാങ്ങി. പിന്നീട് ആ പണം വേണ്ടി വന്നില്ല. ആ പണം അത് തന്ന ആളിന് തിരിച്ചുകൊണ്ടുകൊടുത്തു. അന്ന് ഡി.വൈ.എഫ്.ഐ അരൂർ ഏരിയ സെക്രട്ടറിയായിരുന്ന എന്നെയാണ് ആ പണം തിരിച്ചുകൊടുക്കാൻ ഏൽപ്പിച്ചത്. അത്തരം ഒരു പാർട്ടിയാണ് ഇത്.

സുധാകരൻ സ്ഥാനാർഥി ആകാതെ വന്നപ്പോൾ പിരിച്ച പണം എന്ത് ചെയ്തു. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ ഇതൊന്നും ആരും അറിയുന്നില്ല എന്ന മനോഭാവം വേണ്ട. ബാക്കി എല്ലാവരും മോശം താൻ കേമൻ എന്ന് സ്വയം പറഞ്ഞാൽ പോരല്ലോ. മുസ്‍ലിംലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്നാണ് സുധാകരൻ പ്രസംഗത്തിൽ വിശേഷിപ്പിച്ചിരുന്നത്. ലീഗിനെ വിമർശിക്കുമ്പോഴും ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല. എത്ര പെട്ടെന്നാണ് ലീഗ് മതേതര പാർട്ടിയായത്. ആ പാർട്ടിയുമായി തെറ്റുന്ന ഒരു ഘട്ടം വന്നാൽ അപ്പോൾ കാണാം. സ്വന്തം കാര്യം കാണാൻ ഏതറ്റം വരെയും പോകുന്ന സുധാകരൻ അഭിനവ പാഷാണം വർക്കി ആയിരിക്കുന്നു.

Tags:    
News Summary - 'Absurd and opportunistic': CPI(M) leader CB Chandrababu tears into G Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.