തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോയെന്നാണ് ക്രൈംബ്രാഞ്ച് ഉറ്റുനോക്കുന്നത്.
രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. പക്ഷേ, ആരും മൊഴി നൽകിയില്ല. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖയിലെ യുവതിയെയും പൊലീസ് കണ്ടെത്തിയിരുന്നു.
ഒരു വനിത ഐ.പി.എസ് ഉദ്യോഗസ്ഥ യുവതിയിൽനിന്ന് നേരിട്ട് മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ല. കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നു. പക്ഷേ പരാതിയുമായി യുവതി സമീപിച്ചാൽ മാത്രമേ നിയമപരമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ചിന് കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.