മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷിച്ചു

പെർത്ത്: പായ്​ വഞ്ചിയിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ്​ റേസിങ്ങിനിടെ അപകടത്തിൽപെട്ട മലയാളി നാവികനും ഇന്ത്യൻ നാവികസേന കമാണ്ടറുമായ അഭിലാഷ്​ ടോമിയെ രക്ഷപ്പെടുത്തി. അപകട സ്ഥലത്തെത്തിയ ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ 'എഫ്.പി.വി ഒാസിരിസി'ലെ സംഘമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഈ വിവരം ഒൗദ്യോഗിക ട്വീറ്ററിലൂടെ ഇന്ത്യൻ നാവികസേന സ്ഥിരീകരിച്ചു.

അപകടത്തിൽപ്പെട്ട അഭിലാഷ് ടോമിക്ക് ബോധമുണ്ടെന്ന് നാവികസേനാ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഒാറഞ്ച് സ്ട്രെക്ചറിലാണ് അദ്ദേഹത്തെ മൽസ്യബന്ധന കപ്പലിലേക്ക് മാറ്റിയത്. വൈകാതെ തന്നെ ഇവരുടെ സമീപമെത്തുന്ന ആസ്ട്രേലിയൻ യുദ്ധകപ്പലിലേക്ക് അഭിലാഷിനെ മാറ്റും. തുടർന്ന് കപ്പലിലെ വിദഗ്ധരായ ഡോക്ടർ പരിശോധിച്ച ശേഷം തുടർന്ന ചികിത്സ അടക്കമുള്ള കാര്യങ്ങൾ എവിടെ നടത്തണമെന്ന് തീരുമാനിക്കും. രക്ഷാപ്രവർത്തന സമയത്ത് അനുകൂല കാലാവസ്ഥയായിരുന്നുവെന്നും വക്താവ് പറഞ്ഞു.

മത്സ്യബന്ധന കപ്പലിൽ നിന്ന് രണ്ട് ജെമിനി ബോട്ടുകളിലായി മെഡിക്കൽ സംഘം തകർന്ന പായ് വഞ്ചിയായ 'വി.എസ് തുരിയ'യുടെ സമീപമെത്തി. തുടർന്ന് ഡോക്ടർമാർ അഭിലാഷിന് പ്രാഥമിക ചികിത്സ നൽകി. ശേഷം ഒാറഞ്ച് സ്ട്രെക്ചറിൽ ജെമിനി ബോട്ടിലേക്കും പിന്നീട് എഫ്.പി.വി ഒാസിരിസിലേക്ക് നാവികനെ സുരക്ഷിതമായി മാറ്റുകയായിരുന്നു.

അഭിലാഷ് ടോമിയുടെ പായ് വഞ്ചിക്കൊപ്പം മൽസരത്തിൽ പങ്കെടുത്ത മറ്റൊരു പായ് വഞ്ചിയും പ്രതിരോധ കാലാവസ്ഥയിൽ അപകടത്തിൽപ്പെട്ടിരുന്നു. ഐർലൻഡ് നാവികൻ ഗ്രിഗോർ മക് ഗുക്കിൻ സഞ്ചരിച്ച വഞ്ചിയാണ് ശക്തമായ കാറ്റിലും തിരമാലയിലും തകർന്നത്. മൽസരം ഉപേക്ഷിക്കാൻ ഗ്രിഗോറി തീരുമാനിച്ച സാഹചര്യത്തിൽ മത്സ്യബന്ധന കപ്പൽ അദ്ദേഹത്തെ രക്ഷിക്കാനായി പുറപ്പെട്ടു.

പായ് വഞ്ചി നിലവിലുള്ള സ്ഥലം

അഭിലാഷിന്‍റെ നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമെങ്കിൽ അദ്ദേഹത്തെ വിദഗ്ധ ചികിത്സ നൽകാനായി ഫ്രഞ്ച് അധീനതയിലുള്ള ആംസ്റ്റർഡാം ദ്വീപിലേക്ക് കൊണ്ടു പോകാനാണ് ആസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി (എ.എം.എസ്.എ) യുടെ തീരുമാനം. മഡഗാസ്കറിനും ആസ്ട്രേലിയക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്ക് 180 കിലോമീറ്ററോളം ദൂരമുണ്ട്.

ഇന്ത്യയുടെയും ആസ്ട്രേലിയയുടെയും നാവികസേനയും കാൻബറയിലെ ആസ്ട്രേലിയൻ റെസ്ക്യൂ കോർഡിനേറ്റിങ് കേന്ദ്രവും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനമാണ് വിജയത്തിലെത്തിയത്. രക്ഷാപ്രവർത്തന സമയത്ത് ഇന്ത്യൻ നാവികസേനയുടെ ദീർഘ ദൂര നിരീക്ഷണ വിമാനമായ പി.8.ഐ വിമാനം പായ് വഞ്ചിയുടെ സമീപത്ത് നിരീക്ഷണം നടത്തിയിരുന്നു. രാജ്യാന്തര കപ്പൽ ചാലിന് വളരെ അകലെയായത് കൊണ്ടാണ് രക്ഷാദൗത്യം വൈകാൻ ഇടയായത്. നിലവിൽ കാറ്റിന്‍റെ ശക്തി 15 നോട്ടിക്കൽ മൈൽ വേഗതയും കടൽ തിര രണ്ട് മീറ്റർ വരെയും ആണ് ഉയരുന്നത്.

അഭിലാഷ് ടോമിയുടെ പായ് വഞ്ചി അപകടത്തിന് മുമ്പ്


രക്ഷാ പ്രവർത്തനത്തിന് പുറപ്പെട്ട ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് സത്പുര കപ്പൽ വെള്ളിയാഴ്​ച മാത്രമേ അപകട സ്​ഥലത്തെത്താൻ സാധിക്കൂവെന്നതിനാലാണ്​ മത്സ്യബന്ധന കപ്പൽ ഉപയോഗിച്ച് നാവികനെ രക്ഷപ്പെടുത്തിയത്​. ആസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1800 നോട്ടിക്കൽ മൈൽ (3333.6 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്ന സ്ഥലം. കന്യാകുമാരിയിൽ (കെയ്പ് കാമറൂൺ) നിന്ന് 2700 നോട്ടിക്കൽ മൈൽ (5020 കിലോമീറ്റർ) അകലെയാണിത്.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലാൻ തുറമുഖത്ത് നിന്നാണ്​ ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. അഭിലാഷ് ടോമിക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 18 പേരാണ് പായ്​വഞ്ചികളിൽ സാഹസിക യാത്ര തുടങ്ങിയത്. ഇതിൽ ഏഴു പേർ വിവധ കാരണങ്ങളാൽ യാത്രാമധ്യേ പിന്മാറി. ഫിലിഷിങ് പോയിന്‍റിലെത്താൻ 16,113.3 നോട്ടിക്കൽ മൈൽ മാത്രം ഉള്ളപ്പോഴാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്.

അഭിലാഷ് ടോമിയുടെ പായ് വഞ്ചി നിലവിലുള്ള സ്ഥലത്തിന്‍റെ ഉപഗ്രഹ ചിത്രം

പായ് വഞ്ചിയുടെ രണ്ട് പായ് മരങ്ങളും മുന്നിലെ പായയും ശക്തമായ കാറ്റിലും ആഞ്ഞടിച്ച തിരമാലയിലും തകർന്നു തരിപ്പണമായി. പ്രധാന പായ് മരം (മെയിൻ മാസ്റ്റ്, പിന്നിലെ പായ് മരം (മിസൈൻ മാസ്റ്റ്), മുന്നിലെ പായ (സ്റ്റേ സെയ്ൽ) എന്നിവയാണ് വി.എസ് തുരിയയിൽ ഉണ്ടായിരുന്നത്. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റർ ഉയർന്ന് ആഞ്ഞടിച്ച തിരമാലയിലുമാണ് രണ്ട് പായ്മരവും മൂന്നു പായകളും തകർന്നടിഞ്ഞത്.

കേരളത്തിലെ നിന്നുള്ള തടിയും വിദേശ നിർമിത പായകളും ഉപയോഗിച്ച് ഗോവ അക്വാറിസ് ഷിപ് യാഡിൽ തദ്ദേശീയമായി നിർമിച്ച 'വി.എസ് തുരിയ' എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് ടോമിയുടെ യാത്ര. റേസിന്‍റെ ദൂരപരിധിയായ 30,000 നോട്ടിക്കൽ മൈൽ ദൂരം 311 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് 39കാരനായ മലയാളി നാവികൻ ലക്ഷ്യമിട്ടിരുന്നത്.

ഗോൾഡൻ ഗ്ലോബ് റേസി (ജി.ജി.ആർ)ന്‍റെ ഭാഗമായി 1968ൽ നടന്ന ആദ്യ യാത്രയിലെ ജേതാവ് ബ്രിട്ടീഷുകാരനായ സർ റോബിൻ നോക്സ് ജോൺസ്റ്റന്‍ ആയിരുന്നു. സർ റോബിന്‍റെ യാത്രയുടെ ഒാർമ്മ പുതുക്കലിന് വേണ്ടിയാണ് ജി.ജി.ആർ 2018 സംഘടിപ്പിച്ചത്. ഫ്രാൻസിൽ നിന്ന് 'സുവാലി' എന്ന് പായ് വഞ്ചിയിൽ യാത്ര പുറപ്പെട്ട സർ റോബിൻ 312 ദിവസം കൊണ്ട് 30000 നോട്ടിക്കൽ മൈൽ പൂർത്തിയാക്കി.

നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാതെ പരമ്പരാഗത മാർഗമായ പേപ്പർ മാപ്പും വടക്കുനോക്കിയന്ത്രവും മാത്രമാണ് യാത്രയിൽ ഉപയോഗിക്കാൻ അനുവാദമുള്ളൂ. എന്നാൽ, പായ് വഞ്ചിയുടെ പ്രയാണം മനസിലാക്കാൻ സംഘാടകർ ജി.പി.എസ് സംവിധാനവും അപകട സമയത്ത് നാവികന് റേഡിയോ ബിക്കൻ സംവിധാനവും ഉപയോഗിക്കാൻ കഴിയും.

Tags:    
News Summary - Abhilash Tomy to be Rescued - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.