കോഴിക്കോട്: സർക്കാർ ക്വോട്ടയിൽ ഹജ്ജിന് പോകുന്നവർക്ക് കുറഞ്ഞ ദിവസംകൊണ്ട് തീർഥാടനം കഴിഞ്ഞ് തിരിച്ചുവരുന്ന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. നിലവിൽ 40 ദിവസമാണ് ഹാജിമാർ തീർഥാടനത്തിന് ചെലവഴിക്കുന്നത്. ദിവസത്തിന്റെ എണ്ണം ചുരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതിനായുള്ള ചർച്ചയിലാണെന്ന് ചെയർമാൻ വ്യക്തമാക്കി. പുതിയ ഹജ്ജ് നയം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി വിവിധ മുസ്ലിം സംഘടന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഹാജിമാരുടെ തീർഥാടനകാലം ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് താമസം, ഭക്ഷണം തുടങ്ങിയവയുടെ നിലവാരത്തിലും വ്യത്യാസമുണ്ടാവും. കരിപ്പൂർ വിമാനത്താവളം അടുത്ത വർഷം മുതൽ ഹജ്ജ് എമ്പാർക്കേഷൻ പോയന്റാക്കും. ഇന്ത്യൻ ഹാജിമാരുടെ ക്വോട്ട രണ്ടുലക്ഷമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഹാജിമാർക്ക് ഭക്ഷണം ഹജ്ജ് മിഷൻതന്നെ നൽകുന്നതിനെ കുറിച്ച് ആലോചിക്കും.
ഔദ്യോഗിക വളന്റിയർമാരായി പ്രവാസികളെ നിയമിക്കുന്നതും ഇന്ത്യയിൽനിന്ന് വളന്റിയർമാരെ തിരഞ്ഞെടുക്കുന്ന വിദഗ്ധരുടെ കമ്മിറ്റിയിൽ മതപണ്ഡിതനെകൂടി ഉൾപ്പെടുത്തുന്നതും പരിഗണിക്കും.
ഹജ്ജിന് അപേക്ഷിക്കാൻ പാസ്പോർട്ട് നിർബന്ധമാണെന്ന വ്യവസ്ഥക്ക് പകരം ആധാർ കാർഡ് പരിഗണിക്കും. അങ്ങനെയാവുമ്പോൾ അവസരം കിട്ടുന്നവർ പാസ്പോർട്ടിന് അപേക്ഷിച്ചാൽ മതി. ഹാജിമാർക്ക് കുട, ബാഗ്, പുതപ്പ് എന്നിവ ഹജ്ജ്മിഷൻ വാങ്ങി നൽകില്ല. അത് ഹാജിമാർതന്നെ കൊണ്ടുവരുന്ന രീതി നടപ്പാക്കും.
നിലവിൽ ചൈനയുടെ ഇഹ്റാം തുണിയാണ് ഹാജിമാർ ഉപയോഗിക്കുന്നത്. ഇത് ഖാദിയാക്കുന്നതിനെ കുറിച്ച് ഇന്ത്യൻ ഹാജിമാർ ആലോചിക്കണം. കേരള മോഡൽ ഹജ്ജ് പരിശീലനം ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കും.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസർ ഫൈസി കൂടത്തായി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, ബഷീർ പട്ടേൽത്താഴം, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, എൻ. അലി അബ്ദുല്ല, ഇ.വി. മുസ്തഫ, പി.എച്ച്. താഹ, സിദ്ദീഖ് സഖാഫി ഒളവണ്ണ, പി.കെ. കബീർ സലാല, റംസി ഇസ്മായിൽ, മൻസൂർ അഹ്മദ്, ശൈഖ് ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
ഹജ്ജ് എമ്പാർക്കേഷൻ പോയന്റ് കരിപ്പൂരിൽ പുനഃസ്ഥാപിക്കണമെന്നും വളന്റിയർമാരുടെ അനുപാതം വർധിപ്പിക്കണമെന്നും ഹജ്ജ് അപേക്ഷകരുടെ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ക്വോട്ട അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. തീർഥാടനകാലം വിവിധ വിഭാഗങ്ങളായി തിരിക്കുന്നതിനെ ഭൂരിഭാഗം സംഘടനകളും അനുകൂലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.