നിറഞ്ഞുതൂവി; പൊങ്കാലപ്പുണ്യം

തിരുവനന്തപുരം: തിളച്ചുമറിഞ്ഞ കുംഭച്ചൂടിൽ നിറഞ്ഞുതൂവി പൊങ്കാലപ്പുണ്യം. വ്രതനിഷ്​ഠയുടെയും സമർപ്പണത്തി​െൻറ യും ഉൾച്ചൂടിൽ ഭക്തലക്ഷങ്ങളുടെ പരകോടി പ്രാർഥനകൾക്ക് പരിസമാപ്തി. ആറ്റുകാൽ പൊങ്കാലക്ക്​ ഇക്കുറിയും വൻ ജനബാഹ ുല്യം. ചുട്ടുപൊള്ളിയ നിലത്ത് അടുപ്പുകൂട്ടി പുത്തൻകലം ​െവച്ച് തീകത്തിച്ചതോടെ നഗരം ഭക്തിയിൽ തിളച്ചുപൊങ്ങി. അരിയും നെയ്യും ജലവും ശർക്കരയും നിവേദ്യമായതോടെ ദേവീകീർത്തനങ്ങൾ ശരണമന്ത്രങ്ങൾക്ക് വഴിമാറി. ബുധനാഴ്​ച രാവിലെ 10.15ന്​ ആറ്റുകാൽ ക്ഷേത്രത്തിൽ ചടങ്ങുകൾ തുടങ്ങി​.

ചെണ്ടമേളത്തി​​െൻറയും കുരവകളുടെയും അകമ്പടിയിൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറി. ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറി. പിന്നാലെ വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശം തയാറാക്കിയ പണ്ടാര അടുപ്പിലും സഹമേൽശാന്തി തീ പകർന്നു. ഇവിടെ നിന്ന്​ പകർന്ന ദീപം ഏറ്റുവാങ്ങി ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് പകർന്നതോടെ നഗരം യാഗശാലയായി. മണിക്കൂറിനുള്ളിൽ പൊങ്കാലക്കലങ്ങൾ നിറഞ്ഞുതൂവി. തുടർന്ന്​ പൊങ്കാല നിവേദ്യത്തിന്​ കാത്തിരിപ്പ്​. ഉച്ചക്ക്​ 2.15 നാണ് പൊങ്കാല നിവേദ്യം നടന്നത്​. തുടർന്ന്,​ ഭക്തർ മടങ്ങി.

Full View

അയൽ ജില്ലകളിൽ നിന്നെത്തിയവർക്ക്​ ഹൃദ്യമായ ആതിഥ്യമാണ്​ തലസ്​ഥാനമൊരുക്കിയത്​. വെള്ളവും ഭക്ഷണവും വി​ശ്രമസൗകര്യവുമടക്കം നിറഞ്ഞ മനസ്സോടെ നൽകിയാണ് ഒാരോ വീട്ടുകാരും പൊങ്കാലക്കെത്തിയവരെ സ്വീകരിച്ചത്​. തലസ്​ഥാന നഗരിയിലെ ആരാധനാലയങ്ങളിലും പൊങ്കാല ഇടാനെത്തിയവർക്ക് സഹായം നൽകി. നഗരത്തിൽ പല ഭാഗങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ പന്തൽപ്പുരകൾ സജീവമായിരുന്നു.
മന്ത്രി കടകംപള്ളി സുരേ​ന്ദ്രൻ, ശശിതരൂർ എം.പി, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്.​ ശിവകുമാർ എന്നിവർ ക്ഷേത്രചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - Aattukal Ponkala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.