അടൂർ : കാമുകിയുമായി ഉടക്കിയതിനെ വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പറക്കോട് സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന 110 കെ വി വൈദ്യുതി ലൈനിന്റെ ട്രാൻസ്മിഷൻ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പറക്കോട് പാലക്കോട് വീട്ടിൽ രതീഷ് ദിവാകരനെ (39) അഗ്നിശമനസേനയെത്തിയാണ് രക്ഷിച്ചത്. വൈദ്യുത ലൈൻ കടന്നു പോകുന്ന ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിന് രതീഷ് ദിവാകരനെതിരെ അടൂർ പൊലീസ് കേെസടുത്തു.
വിവാഹിതനായ ഇയാൾ അടൂർ സ്വദേശിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ വഴക്കുണ്ടായതോടെയാണ് ഇയാൾ ആത്മഹത്യാ ഭീഷണിയുമായി ടവറിൽ കയറിയത്. കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ മുകളിൽ കയറിയ രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
തുടർന്ന് ഫയർ സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘത്തിനും ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ കഴിഞ്ഞില്ല. പെട്രോൾ ഒഴിക്കുമെന്ന് ഭീഷണി മുഴക്കിയതിനാൽ രതീഷിന്റെ അടുത്തേക്ക് ഫയർ ഫോഴ്സ് സംഘത്തിന് എത്താനും കഴിഞ്ഞില്ല.
ഇതിനിടെ ഏനാത്ത് പൊലീസും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ കാമുകിയായ യുവതിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്ന നിലപാടിൽ രതീഷ് എത്തി. തുടർന്ന് കാമുകിയെ കണ്ടെത്തി പൊലീസ് സ്ഥലത്തെത്തിച്ചു. തുടർന്ന് ഇയാൾ അല്പം താഴേക്ക് ഇറങ്ങിയെങ്കിലും ഏകദേശം 20 മീറ്ററോളം ഉയരത്തിൽ കുടുങ്ങി ഇരിപ്പായി. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മഹേഷ്. ഇ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ്.എസ് എന്നിവർ ടവറിലെക്ക് കയറുകയും രതീഷിനെ അനുനയിപ്പിച്ച് താഴെയെത്തിക്കുകയും ചെയ്ത. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ ആയിരുന്നു സംഭവം. വെളുപ്പിന് ഒരു മണിയോടെ ഇയാളെ സുരക്ഷിതമായി താഴെ ഇറക്കാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.