ഇന്ത്യൻ ഫാഷിസത്തെ ആത്മവിശ്വാസത്തോടെ നേരിടുക -സആദത്തുല്ല ഹുസൈനി

മലപ്പുറം: ഇന്ത്യയിലെ ഫാഷിസ്റ്റ് വാഴ്ചയെ ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും നേരിടണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു. ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയയിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഹിന്ദുത്വ ഫാഷിസത്തിന്‍റെ അരങ്ങേറ്റം താൽക്കാലിക പ്രതിഭാസം മാത്രമാണ്. ഇന്ത്യക്ക് ഹിന്ദുത്വ ഫാഷിസം കനത്തനാശം വിതക്കും. അതിന്‍റെ ആന്തരിക ശൂന്യതയും നിരർഥകതയും സമൂഹം തിരിച്ചറിയും. മുസ്‌ലിം സമൂഹത്തിന്‍റെ ദൗർബല്യങ്ങൾ പരിഹരിക്കാനും ശുഭകരമായ ഭാവി കെട്ടിപ്പടുക്കാനുമുള്ള അവസരമായി ഈ സന്ദർഭത്തെ ഉപയോഗപ്പെടുത്തണം. നിരാശയുടെയും ഭയത്തിന്‍റെയും ഭാഷയിലല്ല സമുദായനേതൃത്വങ്ങൾ സംസാരിക്കേണ്ടതെന്നും ക്രിയാത്മക വിഷയങ്ങളെക്കുറിച്ചാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഫാഷിസത്തിനെതിരെ വിശാല ഐക്യനിര രൂപപ്പെട്ടുവരേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു.

ഫാഷിസത്തോട് സന്ധിചെയ്യാത്ത ഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ സംഘടിപ്പിക്കാനും അവർക്ക് കൂടുതൽ ദൃശ്യത നൽകാനും സാധിക്കണം. സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള വ്യക്തികളുമായും കൂട്ടായ്മകളുമായും ഇടപഴകാൻ മുസ്‌ലിം സമൂഹത്തിനാകണം. അവശത അനുഭവിക്കുന്ന മുഴുവൻ ജനങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഇസ്‌ലാമിക പ്രസ്ഥാനത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി പി. മുജീബ് റഹ്മാൻ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി, ഡോ. അബ്ദുസ്സലാം അഹ്മദ്, എ. റഹ്മത്തുന്നിസ, ഹമീദ് വാണിയമ്പലം, കൂട്ടിൽ മുഹമ്മദലി, യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂർ, പി.വി. റഹ്മാബി, അബ്ദുൽ ഹഖീം നദ്‌വി, ഡോ. ആർ. യൂസുഫ്, കെ.എ. ശഫീഖ്, ടി.കെ. ഫാറൂഖ്, ടി. മുഹമ്മദ് വേളം, സി. ദാവൂദ്, പി.ഐ. നൗഷാദ്, പി. റുഖ്സാന, പി.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - A two-day state conference of Jamaat-e-Islami members has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.