കോന്നി: കോന്നിയിൽ കാർ ബസിലേക്ക് ഇടിച്ചുകയറി നവദമ്പതികൾ ഉൾപ്പെടെ കുടുംബത്തിലെ നാലുപേർ മരിച്ചു. ഞായറാഴ്ച പുലർച്ച നാലിന് പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനംതിട്ട കോന്നി മുറിഞ്ഞകൽ എസ്.എൻ.ഡി.പി ജങ്ഷനിലായിരുന്നു അപകടം. പത്തനംതിട്ട കോന്നി മല്ലശ്ശേരി പുത്തെതുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ (60), മകൻ നിഖിൽ ഈപ്പൻ (29), നിഖിലിന്റെ ഭാര്യ അനു ബിജു (26), അനുവിന്റെ പിതാവ് പുത്തൻകിഴക്കേതിൽ വീട്ടിൽ ബിജു പി. ജോർജ് (58) എന്നിവരാണ് മരിച്ചത്.
15 ദിവസംമുമ്പ് വിവാഹിതരായ നിഖിലും അനുവും മലേഷ്യയിൽ വിനോദയാത്ര പോയി തിരിച്ചുവരുന്നതിനിടെയാണ് ദുരന്തം. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കോന്നിയിലേക്ക് വരുന്നതിനിടെ വീടെത്തുന്നതിന്ഏതാനും കിലോമീറ്റർ മുമ്പാണ് ഇവർ സഞ്ചരിച്ച മാരുതി സിഫ്റ്റ് ഡിസയർ കാർ ആന്ധ്രയിൽനിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിലേക്ക് ഇടിച്ചുകയറിയത്. കാർ ഓടിച്ച ബിജു ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും വിലയിരുത്തൽ.
നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇരുവരുടെയും പിതാക്കൾ ചേർന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അനു ഒഴികെ മൂന്നുപേരും സംഭവസ്ഥലത്ത് മരിച്ചു.
വലിയ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് അനുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. തുടർന്ന് മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങളും കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. നിഖിലും അനുവും പിൻസീറ്റിലായിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഉച്ചക്ക് 12ഓടെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ ഇടതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിദേശത്തുള്ള അടുത്ത ബന്ധുക്കൾ എത്തിയശേഷം നാലുപേരുടെയും സംസ്കാരം പൂങ്കാവ് കത്തോലിക്ക പള്ളിയിൽ നടക്കും. എല്ലാവരും ഒരേ നാട്ടുകാരും ഇടവകാംഗങ്ങളുമാണ്. കാനഡയിൽ ക്വാളിറ്റി ടെക്നിഷ്യനായ നിഖിൽ ജനുവരിയിൽ അനുവിനെയും കൂട്ടിപ്പോകാനുള്ള തയാറെടുപ്പിലായിരുന്നു.
അനുവിന്റെ പിതാവും വിമുക്തഭടനുമായ ബിജു പി. ജോർജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മുൻ സുരക്ഷ ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചു. നിഖിലിന്റെ മാതാവ്: സാലി മത്തായി. സഹോദരി: നിത (കുവൈത്ത്). അനുവിന്റെ മാതാവ്: നിഷ. സഹോദരൻ: ആരോൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.