പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ ഒളിയമ്പുമായി ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ. രാഹുൽ വിഷയത്തിൽ അയാളെ കൊണ്ടുവന്നവർക്ക് തന്നെയാണ് ഉത്തരവാദിത്തമെന്ന് എ. തങ്കപ്പൻ പറഞ്ഞു.
രാഹുലുമായി ബന്ധപ്പെട്ട വിഷയം പാർട്ടി അധ്യക്ഷനുമായി സംസാരിച്ചിരിക്കാം. ഷാഫിയോട് ചോദിക്കാൻ എന്താണ് കാര്യമെന്ന് പറയുമായിരുന്നു. ഷാഫി അടുത്ത ആളാണ് രാഹുൽ എന്ന് പറയാൻ സാധിക്കില്ല. ഇരുവരും തമ്മിൽ ബന്ധങ്ങളുണ്ട്. പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാ കാര്യത്തിലും ജാഗ്രത പുലർത്തണമെന്നും തങ്കപ്പൻ വ്യക്തമാക്കി.
രാഹുലിനെ കൊണ്ടുവരുന്ന കാര്യത്തിൽ 100 ശതമാനം ഷാഫി ജാഗ്രതാ പുലർത്തണമായിരുന്നു. കൊണ്ടുവന്ന ആളുകൾക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. ഓരോ ആളുകളെയും പഠിക്കേണ്ടതാണ്. ഷാഫിയുടെ വ്യക്തിപരമായ കാര്യമായല്ല രാഹുലിനെ പാലക്കാട്ടേക്ക് കൊണ്ടുവന്നത്. രാഹുലിനെ പാലക്കാട്ട് മത്സരിപ്പിക്കുക എന്നത് രാഷ്ട്രീയ തീരുമാനമാണെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതും പീഡനപരാതി ഉയർന്ന സാഹചര്യത്തിലാണ് സംസ്കാരസാഹിതി ജനറൽ സെക്രട്ടറിയായ എം.എ. ഷഹനാസ് രംഗത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തേ പരാതി ഉന്നയിച്ചിരുന്നെന്നും ഷാഫി പറമ്പിൽ അതിന് വിലകൽപിച്ചില്ലെന്നും നിറഞ്ഞ പരിഹാസവും പുച്ഛവുമായിരുന്നുവെന്നും ഷഹനാസ് ആരോപിച്ചു.
ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള ഇടമായ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിട്ട് ഇയാളെ പോലെയുള്ളവർ വരുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടുമെന്ന് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിനോട് മുന്നറിയിപ്പ് നൽകിയിരുന്നു. പെൺകുട്ടികൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം കോൺഗ്രസിലുണ്ടാകണമെങ്കിൽ ഇത്തരം ആളുകളെ പ്രസിഡന്റാക്കരുതെന്ന് അപേക്ഷിച്ചിരുന്നെന്നും ഷഹനാസ് ഫേസ്ബുക്കിൽ കുറിച്ചു.
അതിരൂക്ഷമായ വിമർശനമാണ് ഇവർ സമൂഹ മാധ്യമത്തിലൂടെ നടത്തിയത്. ഷാഫി പറമ്പിലിനോട് ഇത് പറഞ്ഞതിന് തെളിവുണ്ടെന്നും അവർ കുറിച്ചു. പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ നിർദേശിച്ച പല സ്ഥാനാർഥികളും കേരളത്തിന്റെ പല സ്ഥലങ്ങളിലും മത്സരിക്കുന്നുണ്ടെന്നും ഷഹനാസ് ആരോപിച്ചു. കോഴിക്കോട് ഡി.സി.സി നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.