തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ സനാതന ധർമ്മം പഠിപ്പിക്കാൻ പ്രത്യേക സ്കൂളുകൾ തുടങ്ങണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ദേവസ്വങ്ങൾ മുൻകൈയെടുത്ത് ഗോശാലയും ആശുപത്രിയും നിർമിക്കണമെന്നും ഗവർണർ പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
സനാതന ധർമ്മം മതപരമല്ല. ധർമ്മം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും എല്ലാവരും ചെയ്യേണ്ട കടമയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ളവർ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നുണ്ട്. ഗോശാലകൾ നിർമിക്കാൻ ഒരുപാട് സഹായിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സർക്കാർ പരിപാടികളിൽ ഭാരതാംബ ചിത്രംവെച്ചും ഗവർണർ വിവാദത്തിലായിരുന്നു. ഭാരതാംബ ചിത്രംവെച്ചതിന് തുടർന്ന് ഗവർണർ പങ്കെടുത്ത വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി വിവാദത്തിലായിരുന്നു. മന്ത്രി വി.ശിവൻകുട്ടി ബഹിഷ്‍കരിച്ചതോടെയാണ് പരിപാടി വിവാദത്തിലായത്. സർക്കാർ കത്തയച്ച് ആവശ്യപ്പെട്ടിട്ടും ഔദ്യോഗിക പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം മാറ്റാൻ ഗവർണർ തയാറായിട്ടില്ല.
നേരത്തെ സനാതന ധർമ്മത്തിനെതിരായ പ്രസ്താവനയിലൂടെ ഡി.എം.കെയുടെ ഉദയനിധി സ്റ്റാലിൻ വിവാദത്തിലായിരുന്നു. ഉദയനിധിയെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തിലെ ഇടത്-വലത് മുന്നണികൾ സ്വീകരിച്ചത്. ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് സനാതന ധർമ്മത്തെ പിന്തുണക്കുന്നതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.