ആനി രാജ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയുടെ തിമിർത്താട്ടമാണ് നടന്നത് എന്ന കെ.കെ. രാഗേഷിന്‍റെ പ്രസ്താവന ബി.ജെ.പിയുടെ തിരക്കഥക്ക് ബലം പകരുന്നതാണെന്ന് മുതിർന്ന സി.പി.ഐ നേതാവ് ആനി രാജ. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയുമെല്ലാം കൂട്ടിച്ചേർത്ത്, മുസ്ലിം സമൂഹം ഒന്നടങ്കം വർഗീയമായി വോട്ടു ചെയ്തു എന്ന പൊതുവത്കരണം അപകടകരമാണെന്നും ആനി രാജ ഫേസ്ബുക്കിൽ കുറിച്ചു.
കല്യാശ്ശേരിയിൽ നടന്ന ഇ.കെ. നായനാർ അനുസ്മരണ പരിപാടിയിലാണ് രാഗേഷ് വിവാദ പരാമർശം നടത്തിയത്. 'മതവും പള്ളിയും നോക്കിയെ വോട്ട് ചെയ്യാവൂ' എന്ന് മുസ്‍ലിം ലീഗും ജമാ അത്തെ ഇസ്‍ലാമിയും പ്രചരിപ്പിച്ചു. ഇടതുപക്ഷം ചെറിയ വോട്ടിന് ജയിക്കുന്നിടത്ത് ബി.ജെ.പി കോൺഗ്രസിന് വോട്ട് മറിച്ചെന്നും രാഗേഷ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പരാമർശങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. പരാജയത്തിന്റെ കാരണങ്ങൾ ഇടതുപാർട്ടികൾ വിവിധ തലങ്ങളിൽ വിശദമായി പരിശോധിക്കുകയാണ്. അതിനിടെയാണ് കൃത്യമായ കാരണങ്ങളിൽ പ്രധാനമെന്നോണം ‘ന്യൂനപക്ഷ വർഗീയത തിമിർത്താടി’ എന്ന വിലയിരുത്തൽ രാഗേഷ് അവതരിപ്പിക്കുന്നത്. ഇടതുപക്ഷം ശക്തമായി തിരിച്ചുവരേണ്ടതും കരുത്തോടെ നിലനിൽക്കേണ്ടതും രാജ്യത്തിന്റെയും കേരളത്തിന്റെയും മതനിരപേക്ഷ സ്വഭാവത്തിന്റെ സംരക്ഷണത്തിനുതന്നെ പ്രധാനമാണ്. യാഥാർഥ്യങ്ങളോട് മുഖം തിരിച്ച്, മറ്റുള്ളവരിൽ കുറ്റം ചുമത്തുന്ന രീതി ഇടതുപക്ഷത്തിന് ഒരുവിധേനയും ഗുണകരമാവില്ലെന്ന ബോധ്യത്തോടെയുള്ള വിശകലനങ്ങളാണ് വേണ്ടത്. അവ ഇടതിന്റെ ബലം വീണ്ടെടുക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല. മുസ്ലിങ്ങളെ ഒറ്റപ്പെടുത്തി, ന്യൂനപക്ഷ വർഗീയത ആരോപിച്ചുള്ള പരാമർശങ്ങളുടെ മെച്ചം ആർക്കെന്ന് പ്രത്യേകം പറയേണ്ടതില്ലെന്നും ആനി രാജ കുറിപ്പിൽ പറയുന്നു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം വോട്ട് ചെയ്ത് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തു. അവരിൽ ഭരണപക്ഷത്തുനിന്ന് 21 പേരുടേതായ മന്ത്രിസഭയും രൂപീകരിക്കപ്പെട്ടു. ഇനി നടക്കേണ്ടത് ഭരണനിർവഹണമാണ്.
കഴിഞ്ഞ ദിവസങ്ങളിലെ രണ്ടു വിഷയങ്ങൾ അലോസരപ്പെടുത്തുന്നവയാണ്. ഇടതു മതേതരപക്ഷത്തു നിൽക്കുന്ന വ്യക്തി എന്ന നിലയ്ക്ക് അവ എടുത്തുപറയേണ്ടത് എന്റെ ഉത്തരവാദിത്തമായി ഞാൻ കരുതുന്നു.
ഒന്ന്:
മന്ത്രിസഭാ രൂപീകരണ ദിവസം മുതൽ ഇന്നലെ വരെ വന്നിട്ടുള്ള ചില വാർത്തകൾ അത്യന്തം ആശങ്കയുണ്ടാക്കുന്നതാണ്. മന്ത്രിസഭയിൽ തങ്ങൾക്കു പ്രാതിനിധ്യമില്ലെന്ന് ചില ക്രൈസ്തവ വിഭാഗങ്ങൾക്ക് പരാതി. ചില മന്ത്രിമാരും മുഖ്യമന്ത്രിയും അതിരൂപതയിൽ ചെല്ലുന്നു, പരാതിയുള്ളവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. പരാതിയുള്ള മറ്റു ചിലർ മുഖ്യമന്ത്രിയെ ഒാഫിസിൽ ചെന്ന് കാണുന്നു.
ജനപ്രതിനിധികളിൽ ചിലരുടെ സമ്മർദ്ദത്തിനു വഴങ്ങി, പ്രാതിനിധ്യമില്ലായ്മെന്ന
പ്രശ്നം ഉന്നയിക്കുന്നവരുണ്ടാവാം. എന്നാൽ, ചില വകുപ്പുകൾ തങ്ങളുടെ വിഭാഗത്തിന് ലഭിക്കണമായിരുന്നു, ചില വകുപ്പുകൾ മുസ്‌ലിം ലീഗിന് നൽകാൻ പാടില്ലായിരുന്നു എന്നൊക്കെയുള്ള ആവശ്യങ്ങളും ആവലാതികളും കേരളത്തിന്റെ പൊതു സമൂഹത്തെത്തന്നെ ചിന്തിപ്പിക്കേണ്ടതാണ്.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമാണ്. പക്ഷപാതമില്ലാതെ പെരുമാറുമെന്ന് ഒാരോ മന്ത്രിയും ഭരണഘടനാപരമായി പ്രതിജ്ഞയെടുക്കുന്നതുമാണ്. അപ്പോൾ, ഏതു വകുപ്പിന്റെയും മന്ത്രിമാരുടെ ജാതിയും മതവും പ്രസക്തമാകുന്നത് എങ്ങനെ? അത് ഏതെങ്കിലും സമുദായത്തിലെ മന്ത്രിക്കു ലഭിച്ചാൽ അല്ലെങ്കിൽ ലഭിച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന കാഴ്ചപ്പാട് അപകടകരമാണ്. തങ്ങൾക്കു പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയെന്നോ തങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന വകുപ്പെന്നോ കേരളത്തിലെ അനേകം സമുദായ വിഭാഗങ്ങളിൽ ഒാരോന്നും ചിന്തിച്ചാൽ എന്താവും സ്ഥിതി? അത് കേരളത്തിനു നിരക്കുന്ന രീതിയല്ല.
ഏതു വകുപ്പ് ആരു കൈകാര്യം ചെയ്താലും തുല്യനീതി ഉറപ്പാക്കണമെന്ന് സമുദായ നേതാക്കൾ ആവശ്യപ്പെടുന്നതിൽ ന്യായമുണ്ട്. അതിനപ്പുറം, സമുദായം തിരിച്ച് വകുപ്പു പരിഗണന വേണമെന്നു പറയുന്നത് ഒരു വിധത്തിൽ ഭരണസംവിധാനത്തോടുള്ള അവിശ്വാസം രേഖപ്പെടുത്തലാണ്. അത് മതേതരത്വ ആശയത്തിന് ആഘാതം സൃഷ്ടിക്കുന്നതുമാണത്. തങ്ങളുടെ സമുദായക്കാരുണ്ടെങ്കിലേ തങ്ങൾക്കു നീതി ലഭിക്കൂ എന്ന മട്ടിലുള്ള സമീപനം കേരളത്തിന്റെ പൊതു സ്വഭാവത്തിനു നിരക്കാത്തതും
വേർതിരിവുകൾ വളരാനും വളർത്താനും സാഹചര്യമൊരുക്കുന്നതുമാണ്.
രണ്ട്:
തിരഞ്ഞെടുപ്പു ഫലത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് നടത്തിയ പരാമർശങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് കേരളത്തിലെ പാർട്ടികളെല്ലാം അവലോകനം നടത്തുന്ന സമയമാണ്. പരാജയത്തിന്റെ കാരണങ്ങൾ ഇടതുപാർട്ടികൾ വിവിധ തലങ്ങളിൽ വിശദമായി പരിശോധിക്കുന്നു.
അതിനിടെയാണ് കൃത്യമായ കാരണങ്ങളിൽ പ്രധാനമെന്നോണം ‘ന്യൂനപക്ഷ വർഗീയത തിമിർത്താടി’ എന്ന വിലയിരുത്തൽ രാഗേഷ് അവതരിപ്പിക്കുന്നത്. മുസ്‌ലിം ലീഗിനെയും ജമാത്തെ ഇസ്‌ലാമിയെയുംമെല്ലാം കൂട്ടിച്ചേർത്ത്, മുസ്ലിം സമൂഹം ഒന്നടങ്കം വർഗീയമായി വോട്ടു ചെയ്തു എന്ന പൊതുവത്കരണം അപകടകരമാണ്.
ഇടത് രീതിവച്ച് വിമർശനവും സ്വയം വിമർശനവും കർശനമായി നടക്കേണ്ടതുണ്ട്. അത് എത്രത്തോളം അർഥവത്തായും ആത്മാർഥമായും നടക്കുന്നുവോ അത്രയും നല്ലത്. തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്തപ്പെടുകയാണ് വേണ്ടത്. അതിനുള്ള പ്രാപ്തി കേരളത്തിലെ ഇടതു പാർട്ടികൾക്കുണ്ട്. പാർട്ടികളുടെ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചകൾ അതിനു തെളിവുമാണ്. അതിനിടയിൽ, ന്യൂനപക്ഷ വർഗീയതയുടെ തിമിർത്താട്ടമാണ് നടന്നത് എന്ന പ്രസ്താവന ബിജെപിയുടെ തിരക്കഥയ്ക്ക് ബലം പകരുന്നതാണ്.
ഇടതുപക്ഷം ശക്തമായി തിരിച്ചുവരേണ്ടതും കരുത്തോടെ നിലനിൽക്കേണ്ടതും രാജ്യത്തിന്റെയും കേരളത്തിന്റെയും മതനിരപേക്ഷ സ്വഭാവത്തിന്റെ സംരക്ഷണത്തിനുതന്നെ പ്രധാനമാണ്. യാഥാർഥ്യങ്ങളോട് മുഖം തിരിച്ച്, മറ്റുള്ളവരിൽ കുറ്റം ചുമത്തുന്ന രീതി ഇടതുപക്ഷത്തിന് ഒരുവിധേനയും ഗുണകരമാവില്ലെന്ന ബോധ്യത്തോടെയുള്ള വിശകലനങ്ങളാണ് വേണ്ടത്. അവ ഇടതിന്റെ ബലം വീണ്ടെടുക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല. മുസ്ലിങ്ങളെ ഒറ്റപ്പെടുത്തി, ന്യൂനപക്ഷ വർഗീയത ആരോപിച്ചുള്ള പരാമർശങ്ങളുടെ മെച്ചം ആർക്കെന്ന് പ്രത്യേകം പറയേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.