മണ്ണാർക്കാട്: ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മൂന്നുപേർ ഓടിരക്ഷപ്പെട്ടു. മണ്ണാർക്കാട് റേഞ്ചിന് കീഴിൽ പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കല്ലടികോട് മലവാരത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. എടത്തനാട്ടുകര പൊൻപാറ സ്വദേശി ബോണി (34), കല്ലടിക്കോട് താന്നിക്കൽ തങ്കച്ചൻ (കുര്യാക്കോസ് -64) എന്നിവരാണ് പിടിയിലായത്.
പാലക്കയം സ്വദേശികളയ കാഞ്ഞിരംപാറ സന്തോഷ്, ആക്കാംപറ്റ ബിജു, മേലെ പയ്യാനി ബിനു എന്നിവരാണ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പട്രോളിങ് നടത്തുകയായിരുന്ന വനം വകുപ്പ് സംഘം വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നാല് വയസ്സുള്ള മ്ലാവിന് 300 കിലോയോളം തൂക്കമുണ്ട്. വെറ്റിനറി ഡോക്ടർ ഡേവിഡ് എബ്രഹാം കുട്ടിയെ പോസ്റ്റുമോർട്ടത്തിലൂടെ പുറത്തെടുത്തു.
പാലക്കയം ഡെപ്യൂട്ടി റേഞ്ചർ കെ. മനോജ്, സെക്ഷൻ ഓഫിസർമാരായ എം. രാമൻ, എൻ. ഗിരീഷ് കുമാർ, സുബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജെ. ഹുസൈൻ, സച്ചിതാനന്ദൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. മണ്ണാർക്കാട് റേഞ്ച് ഓഫിസർ എൻ. സുബൈറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.