എ. പത്മകുമാറിനെതിരെ സസ്പെൻഷൻ മാത്രം, കടുത്ത നടപടിയിലേക്ക് പോകാതെ സി.പി.എം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ നടപടിയെടുത്ത് സി.പി.എം പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും ആവശ്യം ഉയർന്നിരുന്നു. നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നായിരുന്നു പല അംഗങ്ങളുടെയും നിലപാട്. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി സ്വീകരിച്ചത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ നടപടി എന്തെന്ന് തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. പത്മകുമാറിനെ പാർട്ടി പരിപാടികളിൽനിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം.

കഴിഞ്ഞയാഴ്ചയാണ് പത്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്. സ്വർണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സി.പി.എം സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നു. അതിന് പിന്നാലെയാണ് സി.പി.എം തിരുത്തിന് തയാറായത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെ കഴിഞ്ഞ നവംബർ 20നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കട്ടിളപ്പാളി മാറ്റിയ കേസിലായിരുന്നു അറസ്റ്റ്. തുടർന്ന് ഡിസംബർ രണ്ടിന് ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയിൽനിന്ന് സ്വർണം കവരാൻ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെയും കൃത്യവിലോപം നടത്തിയതിലൂടെയും കൊള്ളക്ക് വഴിയൊരുക്കിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

പത്മകുമാർ അറസ്റ്റിലായപ്പോൾ ജില്ലാ കമ്മിറ്റി അംഗത്വത്തിൽനിന്ന് നീക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സി.പി.എം നേതൃത്വം തയാറായില്ല. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉൾപ്പെടെ, അന്വേഷണം പൂർത്തിയാകട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്.

കേസുകളിൽ മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയ പത്മകുമാർ ജാമ്യത്തിലാണ്.

പത്മകുമാറിന് ജാമ്യം ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം മനഃപൂർവം കുറ്റപത്രം വൈകിച്ചെന്ന ആക്ഷേപവും ഉയർന്നിരുന്നു. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ വിഷയം പാർട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കിയിട്ടും പത്മകുമാറിനെ പുറത്താക്കാത്തതിൽ അണികളും വലിയ അമർഷം പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - CPM takes action against A. Padmakumar: Suspended from the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.