തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ ദ്വാരപാലക ശിൽപ കേസിലും പ്രതിചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. നേരത്തെ കട്ടിളപ്പാളി കേസിലും പത്മകുമാറിനെ പ്രതിചേർത്തിരുന്നു. സ്വർണക്കൊള്ള കേസിൽ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയിലാണ് റിമാൻഡ് കാലാവധി നീട്ടാൻ പത്മകുമാറിനെ ഹാജരാക്കിയത്. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിന് കോടതി പരിഗണിക്കും.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ. പത്മകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. പത്മകുമാറിന്റെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് എസ്.ഐ.ടി ഒരുങ്ങുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിളപ്പാളികൾ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും കമീഷണറുമായിരുന്ന എൻ.വാസുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വാസു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകളിലേക്കും വൈകാതെ കടക്കും.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമിച്ച പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) അന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി ഒന്നരമാസം കൂടി അനുവദിച്ചു. 2014 മുതൽ 2025 വരെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ അന്വേഷിക്കേണ്ടതുള്ളതിനാൽ സമയം നീട്ടിനൽകണമെന്ന അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ശശിധരന്‍റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്. കേസിന്റെ വ്യാപ്തിയും സങ്കീർണതയും കണ്ണികൾ കൂട്ടിയിണക്കേണ്ടതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചത്.
നേരത്തേ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ച സാഹചര്യത്തിൽ എസ്.ഐ.ടി കോടതിയിൽ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. ശാസ്ത്രീയ പരിശോധനകൾക്കായി ദ്വാരപാലക ശിൽപങ്ങളിൽനിന്നടക്കം സാമ്പിളുകൾ ശേഖരിച്ചതായും പരിശോധനാഫലം ഒരാഴ്ചക്കകം പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിൽതന്നെയാണെന്ന് കോടതി വിലയിരുത്തി.
എന്നാൽ, ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നും വ്യക്തമാക്കി. അന്വേഷണത്തിൽ അതീവ ജാഗ്രതയും സൂക്ഷ്മതയും തുടരണം. ഒരുകാര്യംപോലും പരിശോധിക്കപ്പെടാതെ പോകരുത്. ഏതെങ്കിലും വസ്തുത കണ്ടെത്തുന്നതിൽ തടസ്സം നേരിട്ടാൽ ഉടനടി കോടതിക്ക് റിപ്പോർട്ട് നൽകണം. അയ്യപ്പസന്നിധിയിലെ പവിത്രമായ വസ്തുക്കൾ സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്ന് വിലയിരുത്തിയ ദേവസ്വം ബെഞ്ച്, ഹരജി വീണ്ടും ജനുവരി അഞ്ചിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.