അഞ്ച് നയാപൈസ കൈയില്‍ ഇല്ലാത്ത സര്‍ക്കാരാണ് വാര്‍ഷികം ആഘോഷിച്ച് ആര്‍ഭാടം നടത്തുന്നത് - വി.ഡി. സതീശൻ

പറവൂര്‍:  അഞ്ച് നയാപൈസ കൈയില്‍ ഇല്ലാത്ത സര്‍ക്കാരാണ് വാര്‍ഷികം ആഘോഷിച്ച് ആര്‍ഭാടം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ ആര്‍ഭാടം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ആശാ വര്‍ക്കര്‍മാര്‍ സമരത്തിലാണ്. ഒരു കാലത്തും നടന്നിട്ടില്ലാത്ത തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒഴിവുകള്‍ ഉണ്ടായിട്ടും പി.എസ്.സി റാങ്ക് ലിസ്റ്റില് നിന്നും നിയമനം നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ ആര്‍ഭാടം നിര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണം. പാചക തൊഴിലാളികള്‍ ഉള്‍പ്പെടെ ആര്‍ക്കും പണം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നിട്ടാണ് നൂറു കോടിയില്‍ അധികം തുക മുടക്കി വാര്‍ഷികം ആഘോഷിക്കുന്നത്.

സംസ്ഥാനം കടക്കെണിയിലാണെന്നു പറയുന്നത് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2016-ല്‍ 1.67 ലക്ഷം കോടിയായിരുന്ന കടം പത്ത് വര്‍ഷം കഴിയുമ്പോള്‍ ആറ് ലക്ഷം കോടിയായി വര്‍ധിച്ചു. ആശുപത്രികളില്‍ മരുന്നില്ല, സപ്ലൈകോയില്‍ സാധനങ്ങളില്ല. നെല്ല് സംഭരണത്തിന് പണം നല്‍കുന്നില്ല. സാമൂഹികസുരക്ഷാ പെന്‍ഷനുകളും മുടങ്ങി.

സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന് എസ്.എഫ്.ഐ.ഒയോട് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മകള്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ വീണ വിജയന്‍ ഒരു സേവനവും നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന് സി.എം.ആര്‍.എല്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമല്ല. ഇന്‍കം ടാക്‌സില്‍ വന്ന ഒരു കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതമാണ്. അതുമായി മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തെ കൂട്ടിക്കുഴയ്‌ക്കേണ്ട.

ബി.ജെ.പിയുമായുള്ള ബാന്ധവം തെരഞ്ഞെടുപ്പിന് മുന്‍പ് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ നിർമല സീതാരാമന് ബ്രേക്ക് ഫാസ്റ്റ് നല്‍കിയത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിന്നര്‍ പരിപാടി പ്ലാന്‍ ചെയ്തത്. മെയ് ആദ്യവാരം ഡല്‍ഹിയില്‍ ഉച്ചയൂണ് കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബ്രേക്ക് ഫാസ്റ്റ്- ലഞ്ച്- ഡിന്നര്‍ പരിപാടികള്‍ സംഘടിപ്പിച്ച് ബി.ജെ.പിയുമായുള്ള ബാന്ധവം ശക്തമാക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്. ഡിന്നറില്‍ നിന്നും ഗവര്‍ണര്‍മാര്‍ പിന്‍മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്നു തന്നെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. മാധ്യമങ്ങള്‍ കോണ്‍ഗ്രസിനോട് മാത്രമെ സ്ഥാനാർഥിയെ കുറിച്ച് ചോദിക്കുന്നുള്ളൂ. എന്തുകൊണ്ടാണ് പിണറായി വിജയനോടും എം.വി ഗോവിന്ദനോടും സി.പി.എം സ്ഥാനാർഥികളെ കുറിച്ച് ചോദിക്കാത്തത്? കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന ഒരു കോണ്‍ഗ്രസ് സ്ഥാനാർഥി നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്നു തന്നെ യു.ഡി.എഫിനുണ്ടാകും.

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന സ്ഥാനാർഥി ഉണ്ടോയെന്ന് സി.പി.എം നേതാക്കളോട് മാധ്യമങ്ങള്‍ ചോദിക്കണം. അവരോട് ചോദിക്കാനുള്ള ചോദ്യങ്ങളൊന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നില്ല. കോണ്‍ഗ്രസിനോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

എല്ലാ മേഖലകളിലും ലഹരി വ്യാപനമുണ്ട്. സിനിമരംഗത്തെ കുറിച്ച് നേരത്തെ തന്നെ ആരോപണമുണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെ സിനിമയുമായി സഹകരിപ്പിക്കില്ലെന്ന് ഫെഫ്ക്കയും അമ്മയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിക്കണം.

ചെറുപ്പക്കാരെ സ്വാധീനിക്കുന്ന റോള്‍ മോഡലുകളായ താരങ്ങള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാകരുത്. എവിടെ ലഹരി ഉപയോഗിച്ചാലും അവിടെയൊക്കെ പരിശോധന നടത്തണം. എന്‍ഫോഴ്‌സ്‌മെന്റില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. വലിക്കുന്നവരെ പിടിച്ച് ജാമ്യത്തില്‍ വിട്ടിട്ട് കാര്യമില്ല. ലഹരി എത്തിക്കുന്നവരെ കണ്ടെത്തുകയാണ് വേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - A government that does not have five naya paisa in its hands is celebrating the anniversary with pomp and show- V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.