രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പിരായിരിയിൽ പങ്കെടുക്കുന്ന ചടങ്ങിന്റെ ബോർഡ്
പാലക്കാട്: കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാനൊരുങ്ങി യു.ഡി.എഫിലെ ഒരു വിഭാഗം. കുടുംബശ്രീയുടെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്ത രാഹുൽ, തിങ്കളാഴ്ച പിരായിരിയിലെ പൊതുപരിപാടിയിലും പങ്കെടുക്കും.
ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളെത്തുടർന്ന് 38 ദിവസം മണ്ഡലത്തിൽ നിന്ന് മാറിനിന്ന ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചെത്തിയത്. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും പ്രഖ്യാപിച്ചിരുന്നു.
മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായെത്തി രാഹുൽ മാങ്കൂട്ടത്തിൽ കെ.എസ്.ആർ.ടി.സി പാലക്കാട് - ബംഗളൂരു സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചത് വിവാദമായിരുന്നു. രാഹുലിനെ രഹസ്യമായാണ് ഒരോ പരിപാടികളിലും എത്തിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐയുടെയും ബി.ജെ.പിയുടെയും പരിഹാസമുയർന്നതോടെ, പരമാവധി പ്രചാരണം നൽകി പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് എത്തിക്കാനാണ് യു.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.
അതേസമയം, രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. നടപടി നേരിടുന്ന എം.എൽ.എയെ പാർട്ടി സംവിധാനം ഉപയോഗിച്ച് പൊതുവേദികളിൽ എത്തിക്കുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.