അ​മ​ൽ ഇ​ഖ്ബാ​ൽ

മലപ്പുറം: താൻ കാണുന്ന സ്വപ്നങ്ങൾക്കും അത് സഫലീകരിക്കാൻ നടത്തുന്ന പ്രയത്നങ്ങൾക്കും മുന്നിൽ ഒന്നും തടസ്സമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമൽ ഇഖ്ബാൽ. ജന്മനാ സെറിബ്രൽ പാൾസി ബാധിതനാണ് ഈ 17കാരൻ. പത്താം വയസ്സുവരെ എഴുതാനോ വായിക്കാനോ സ്വയം ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ല.

ഒരുതരത്തിലുമുള്ള ചലനങ്ങളും സാധ്യമായിരുന്നില്ല. ഇരിക്കുന്നിടത്തുനിന്നുതന്നെ മറിഞ്ഞുവീഴുന്ന അവസ്ഥ. ദുർബലമായിരുന്നു ശരീരം. കാലുകൾ രണ്ടും പരസ്പരം പിണഞ്ഞിരുന്നു. വളരെ കുറഞ്ഞ ശരീര ഭാരം. എന്നാൽ, സംസാര വൈകല്യവും പഠന വൈകല്യവും അതിജീവിച്ച് നിരവധി അക്കാദമിക് നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.

ഈ മാസം 14 മുതൽ 16 വരെ ഡൽഹിയിൽ നടക്കുന്ന ഇൻസ്പയർ മാനക് പ്രദർശന മത്സരത്തിൽ കേരളത്തിൽനിന്ന് യോഗ്യത നേടിയ 11 പേരിൽ ഒരാളുമാണ്. കേന്ദ്ര സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന മില്യൺ മൈൻഡ് ഓഗ്മെന്‍റിങ് നാഷനൽ ആസ്പിരേഷൻ ആൻഡ് നോളജ് പ്രദർശനത്തിൽ പങ്കെടുക്കാനാണ് അവസരം ലഭിച്ചത്.

വിദ്യാർഥികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നവീന ആശയങ്ങൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പത്തിൽ തന്നെ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സബ് ജില്ല -ജില്ല തലങ്ങളിലെ ജേതാവായിരുന്നു.

സംസ്ഥാനതല ശാസ്ത്രമേളയിൽ എ ഗ്രേഡ്, 2018ൽ കോഴിക്കോട്ട് നടന്ന ഇ. അഹമ്മദ് യു.എൻ മോഡൽ പാർലമെന്‍റിലും മസ്കത്തിൽ നടന്ന യു.എൻ മോഡൽ പാർലമെന്‍റിലും ഔട്ട്സ്റ്റാൻഡിങ് ഡിപ്ലോമസി അവാർഡ് നേടി. ഹിമാചൽ പ്രദേശിലെ റോത്തങ് പാസ്, ഡൽഹി, ആഗ്ര, ഷിംല തുടങ്ങിയ സ്ഥലങ്ങളിലെ മലമുകളിലും സാഹസിക സഞ്ചാരം നടത്തി.

അധ്യാപക പരിശീലന ക്ലാസുകളിലെ റിസോഴ്സ് പേഴ്സൻ, മോട്ടിവേഷൻ സ്പീക്കർ, പ്രശസ്തമായ മാത്സ് അക്കാദമിയുടെ ബ്രാൻഡ് അംബാസിഡർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സാമൂഹിക- വിദ്യാഭ്യാസ- ചികിത്സ രംഗങ്ങളിൽ അവർക്ക് ആവശ്യമായ നൂതന സാങ്കേതിക വിദ്യകളും ആധുനിക പരിശീലന പദ്ധതികളും പരിചയപ്പെടുത്തുന്നതിനു വേണ്ടി അമൽ ഇൻസ്പിയർ എന്ന യൂട്യൂബ് ചാനൽ പ്രവർത്തനമാരംഭിച്ചു.

ലോക്ഡൗൺ കാലത്ത് നിർമിച്ച 'മുറികൂട്ടി', 'അമൽ' എന്നീ ഹ്രസ്വചിത്രങ്ങളിൽ മുഖ്യ വേഷം ചെയ്തു. കോഴിക്കോട് ജെ.ഡി.ടി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. പിതാവ്: മുഹമ്മദ് ഇഖ്ബാൽ. മാതാവ്: ഫെമിന. സമ, ഹിമ എന്നിവരാണ് സഹോദരികൾ.

Tags:    
News Summary - A cradle of knowledge- Amal Iqbal in pursuit of achievements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.