കൊല്ലത്ത് നടക്കുന്നത് തൊഴിലാളി വഞ്ചകരുടെ മാമാങ്കം- കെ. മുരളീധരൻ

തിരുവനന്തപുരം: കൊല്ലത്ത് നടക്കുന്നത് തൊഴിലാളി വഞ്ചകരുടെ മാമാങ്കമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വട്ടിയൂർക്കാവ് ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം കമ്മിറ്റി പേരൂർക്കടയിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളും പാവപ്പെട്ടവരും കർഷകരും അടങ്ങുന്ന ജനസമൂഹത്തെ വഞ്ചിച്ച ഭരണകൂട പാർട്ടിയുടെ മാമാങ്ക സമ്മേളനമാണ് കൊല്ലത്ത് അരങ്ങേറുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ട പിണറായി സർക്കാർ എത്രയും വേഗം അധികാരമൊഴിയുന്നതാണ് ജനനന്മക്ക് നല്ലതെന്നും മുരളീധരൻ പറഞ്ഞു.

ബി.ജെ.പിയുടെ തൊഴിൽ നയം പിന്തുടരുന്ന പിണറായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ ആടിനെ പട്ടിയാക്കുന്നതാണെന്നും പൊളിഞ്ഞ വാചകമേളയായി രേഖ മാറുമെന്നും കെ.മുരളീധരൻ പരിഹസിച്ചു.

നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളെ നവീകരിക്കാൻ സ്വകാര്യവൽക്കരിക്കുന്നതിൽ തെറ്റില്ലെന്ന നയം 1992ൽ ഐ.എൻ.ടി.യു.സി അംഗീകരിച്ചതാണ്. സി.പി.എമ്മിന് വൈകിയേ ബുദ്ധിയുദിക്കുകയുള്ളൂ എന്നതിന്റെ ഒടുവിലത്തെ തെളിവാണ് കൊല്ലത്തെ സി.പി.എം നയരേഖ.

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ മോദി സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ ദേശീയതലത്തിൽ തൊഴിലാളി ഐക്യം ഉണ്ടാക്കാൻ മുൻകൈയെടുത്തതും ഐ.എൻ.ടി.യു.സി ആണെന്ന് മുരളീധരൻ ഓർമിപ്പിച്ചു.

ഐ.എൻ.ടി.യു.സി വട്ടിയൂർക്കാവ് റീജണൽ പ്രസിഡൻറ് പേരൂർക്കട ഒ.എസ്. രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. തൊഴിലാളി കുടും:ബങ്ങളിൽ നിന്ന് ചികിത്സ തേടുന്നവർക്കുള്ള ധനസഹായ വിതരണവും വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചിട്ടുള്ള വിദ്യാർഥികളെ ചടങ്ങിൽ മെമെന്റോയും കാഷ് അവാർഡ് നൽകി അനുമോദിക്കുകയു ചെയ്തു.

Tags:    
News Summary - A conspiracy of labor fraudsters is going on in Kollam - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.