തലയോലപ്പറമ്പിൽ 92 കിലോ കഞ്ചാവ്​ പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

വൈക്കം: കോട്ടയം തലയോലപ്പറമ്പിൽ വൻ കഞ്ചാവ്​ വേട്ട. കാറിൽ കടത്തിയ 92.340 കിലോ കഞ്ചാവും 1.3 ഗ്രാം എം.ഡി.എം.എയും പൊലീസ്​ പിടികൂടി. സംഭവത്തിൽ നിരവധി ക്രമിനൽ കേസുകളിലെ പ്രതികളായ ഏറ്റുമാനൂർ കാണക്കാരി മങ്കുഴക്കൽ വീട്ടിൽ രഞ്ജിത് രാജു (26), ആർപ്പൂക്കര വില്ലൂന്നി ചിറക്കൽതാഴെ വീട്ടിൽ കെൻസ് സാബു (28) എന്നിവരെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നു ചാക്കിൽ രണ്ട് കിലോ വീതം വരുന്ന വിവിധ പാക്കറ്റുകളായിട്ടായിരുന്നു ഇവ സൂക്ഷിച്ചത്​. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച വിവരത്തെ തുടർന്ന് പുലർച്ച മുതൽ തലയോലപ്പറമ്പ് മേഖലയിൽ മഫ്തിയിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇതിനിടെ വെട്ടിക്കാട്ടുമുക്ക് ജങ്​ഷനിൽ നിലയുറപ്പിച്ചിരുന്ന പൊലീസ്​ സംഘം എറണാകുളം ഭാഗത്തുനിന്ന് എത്തിയ ഫോർഡ് ഇക്കോ സ്‌പോട്ട് വാഹനത്തിന്​ കൈകാണിച്ചെങ്കിലും നിർത്താതെ കടന്നുകളഞ്ഞു. ഇവരെ പിൻതുടർന്ന പൊലീസ്​ സംഘം കൊങ്ങിണിമുക്കിൽ പൊലീസ് ജീപ്പ് വട്ടം​​വെച്ചു വാഹനം തടഞ്ഞു. ഇതോടെ കാറിൽനിന്നിറങ്ങി സമീപത്തെ റബർ തോട്ടത്തിലൂടെ ഓടിയ രഞ്ജിത്, കെൻസ് എന്നി​വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പരിശോധനയിൽ കാറിന്‍റെ ഡിക്കിയിലും പിൻസീറ്റിന്‍റെ ഫുട്ട് സ്​പേസിലുമായി മൂന്ന് വലിയ ചാക്ക് കെട്ടുകൾക്കുള്ളിൽ നിന്നായി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വിൽപനക്കായി എത്തിച്ചതാണെന്നും ഉറവിടം കണ്ടെത്താൻ പ്രതികളെ കൂടുതൽ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കോട്ടയത്ത്​ അടുത്തകാലത്ത്​ നടന്ന ഏറ്റവും വലിയ കഞ്ചാവ്​ വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിൽ ഒരാളായ കെൻസിനെതിരെ കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 22 കേസ്​ നിലവിലുണ്ട്. രഞ്ജിത്തിനെതിരെ ഏറ്റുമാനൂർ, ഗാന്ധിനഗർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലായി അഞ്ച് കേസ്​ നിലവിലുണ്ട്. ഡൻസാഫ് ടീമിനൊപ്പം തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ്. ജയൻ, വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, തലയോലപ്പറമ്പ് എസ്.ഐ ടി.ആർ. ദീപു എന്നിവർ ചേർന്നാണ്​ പ്രതികളെ പിടികൂടിയത്​. 

Tags:    
News Summary - 92 kg of ganja seized; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.