തൃശൂർ: ജോലി സമയം ആഴ്ചയിൽ 90 മണിക്കൂർ ആക്കണമെന്നും ഞായറാഴ്ച കൂടി പ്രവൃത്തി ദിനം ആക്കണമെന്നുമുള്ള ലാർസൻ ആന്‍റ് ടൂബ്രോ (എൽ ആന്‍റ് ടി) ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പ്രസ്താവനയെ ശക്തിയായി അപലപിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി).
ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനവും ദിവസം ഏഴ് മണിക്കൂർ ജോലിയുമെന്ന വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻസിന്‍റെ ആവശ്യത്തെ ബെഫി പിന്താങ്ങുന്നതായി ദേശീയ സെക്രട്ടറി എസ്. ഹരി റാവു വാർത്തകുറിപ്പിൽ പറഞ്ഞു. എൽ ആന്‍റ് ടിയിലെ ഉദ്യോഗസ്ഥർ വാങ്ങുന്നതിന്‍റെ 500 മടങ്ങ്, 51 കോടി രൂപ വേതന പാക്കേജുള്ളയാളാണ് ചെയർമാൻ. ആഴ്ചയിൽ 70 മണിക്കൂർ ജോലിയെന്ന പ്രസ്താവന മുമ്പ് ഇൻഫോസിസിന്‍റെ എം.ആർ. നാരായണമൂർത്തിയും പറഞ്ഞിട്ടുണ്ട്.
തൊഴിൽ-ജോലി സന്തുലനം നഷ്ടപ്പെട്ട് ഏണസ്റ്റ് ആന്‍റ് യങിലെ അന്ന സെബാസ്റ്റ്യനും എച്ച്.ഡി.എഫ്.സിയിലെ സദ ഫാത്തിമയും ഉൾപ്പടെ നിരവധിപേർ സമീപകാലത്ത് മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കിടക്ക് തൊഴിലില്ലായ്മ വ്യാപകമാവുമ്പോൾ അവരുടെ വിയർപ്പും രക്തവും പരമാവധി ചൂഷണം ചെയ്യുന്ന കോർപറേറ്റുകളുടെ താൽപര്യത്തിന് അനുസരിച്ചാണ് ഭരണ സംവിധാനം പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ സാംസങ് ജീവനക്കാരുടെ പണിമുടക്കിൽ ഇത് വ്യക്തമായതാണ്.
സ്ഥിരം ജോലി കരാർവത്കരിക്കൽ, അതിന് കുറഞ്ഞ വേതനം എന്നിവ ഒരു ഭാഗത്ത് നടക്കുമ്പോൾ സ്ഥിരം ജോലിക്കാരെ സമയവും ദിവസവും നോക്കാതെ പണിയെടുപ്പിക്കുന്നത് ബാങ്കിങ് മേഖലയിൽ അടക്കം കൂടിവരികയാണ്. ബാങ്കുകളിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുമ്പോൾ ഇത്തരം ചൂഷണത്തിലൂടെയാണ് സ്ഥാപനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ബാങ്ക് വേതന പരിഷ്കരണ ഉഭയകക്ഷി ചർച്ചയിൽ തൊഴിൽ-ജോലി സന്തുലനം നഷ്ടപ്പെടുന്നത് ബെഫി ചൂണ്ടിക്കാണിച്ചിരുന്നു. ആ ധാരണാപത്രം ഒപ്പിട്ട് 10 മാസം കഴിഞ്ഞിട്ടും ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കാത്തത് ദയനീയമാണ്. എൽ ആന്‍റ് ടി ചെയർമാന്‍റെ മനുഷ്യത്വരഹിതവും പുരുഷാധിപത്യ-സ്ത്രീവിരുദ്ധവുമായ പ്രസ്താവന അപലപിക്കപ്പെടേണ്ടതാണെന്നും ഹരി റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.