തിരുവനന്തപുരം: ഭരണത്തുടർച്ചയുടെ അമരക്കാരനായതിന്റെ ഒമ്പത് വർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80 വയസ്സ് പൂർത്തിയാകുന്നു. ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരുന്നത്. ഒമ്പത് വർഷങ്ങൾക്കുമുമ്പ് ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നാണ് തന്റെ യഥാര്‍ഥ ജന്മദിനം 1945 മേയ് 24നാണെന്ന് പിണറായി തന്നെ വെളിപ്പെടുത്തിയത്.
മൂന്നാം പിണറായി സർക്കാർ എന്ന പ്രചാരണ കാമ്പയിന് പാർട്ടിയും മുന്നണിയും ഒരുപോലെ അരങ്ങൊരുക്കുമ്പോഴാണ് സർക്കാറിന്റെ ‘ക്യാപ്റ്റൻ’ എൺപതിലേക്ക് ചുവടുവെക്കുന്നത്. ചരിത്രംകുറിച്ച തുടർ ഭരണത്തിനൊപ്പം മൂന്നാം ഭരണമെന്ന പുതിയചരിത്രമെഴുതാൻ പിണറായിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടിയും അണികളും. അതിനായി വിഴിഞ്ഞം, ദേശീയപാത വികസനമുൾപ്പെടെ വികസനങ്ങളുടെ നീണ്ട പട്ടിക നിരത്തുകയും ചെയ്യുന്നു.
കണ്ണൂർ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിൽ പാറപ്പുറംകാരായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായാണ് പിണറായി വിജയന്റെ ജനനം. പിണറായി ശാരദാവിലാസം എൽ.പി സ്കൂൾ, പെരളശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനത്തിനുശേഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ നിന്ന് പ്രീ യൂനിവേഴ്സിറ്റി കോഴ്സും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും പൂർത്തിയാക്കി. കേരള സ്റ്റുഡന്റ് ഫെഡറേഷനിലൂടെയും കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷനിലൂടെയും വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പങ്കാളിയായി.
1964ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1968ൽ 24ാം വയസ്സിൽ കണ്ണൂർ ജില്ല കമ്മിറ്റിയിലും നാലുവർഷത്തിനു ശേഷം ജില്ല സെക്രട്ടേറിയറ്റിലുമെത്തി. 1978ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തി. 1986ൽ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറിയായി. 1988 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പിണറായി, 1998ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് ഇ.കെ. നായനാർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 2015 വരെ പദവിയിൽ തുടർന്നു. 2002 മുതൽ പോളിറ്റ് ബ്യൂറോ അംഗമാണ്.
പാർട്ടി ചരിത്രത്തിലെ എണ്ണപ്പെട്ട പോരാട്ട മുഖം കൂടിയാണ് പിണറായി വിജയൻ. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിൽ നിന്ന് ക്രൂരമായ പീഡനമേൽക്കേണ്ടിവന്നു. മോചിതനായ ശേഷം, രക്തംപുരണ്ട ഷർട്ട് വീശിക്കൊണ്ട് അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രസംഗം നിയമസഭയുടെയും കേരള രാഷ്ട്രീയത്തിലെയും വീറുറ്റ അധ്യായമാണ്. 1970ലും ‘77ലും ‘91ലും കൂത്തുപറമ്പിൽ നിന്നും ‘96ൽ പയ്യന്നൂരിൽ നിന്നും 2016ലും 2021ലും ധർമടത്തുനിന്നും നിയമസഭയിലെത്തി. 1996ലെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി, സഹകരണമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.