തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വെള്ളക്കരമിനത്തിൽ ലഭിച്ച പണമടക്കം തടഞ്ഞുവെച്ച ധനവകുപ്പ് നിലപാടിനെതിരെ ജലവിഭവ വകുപ്പിൽ അമർഷം. ട്രഷറി സേവിങ്സ് അക്കൗണ്ടിൽനിന്ന് സർക്കാർ പിൻവലിച്ച ജല അതോറിറ്റിയുടെ 770 കോടി രൂപ ആവശ്യപ്പെട്ട് എം.ഡി രണ്ടു തവണ കത്ത് നൽകിയിരുന്നു. ഭരണപക്ഷ സംഘടനകൾ ധനമന്ത്രിക്കടക്കം നിവേദനം നൽകിയിട്ടും ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ജല അതോറിറ്റിയുടെ പണം ഉറപ്പായും തിരികെ കിട്ടുമെന്നാണ് വിഷയമുന്നയിച്ച ഭരണപക്ഷ സംഘടന ഭാരവാഹികൾക്കുൾപ്പെടെ ജലവിഭവ മന്ത്രി നൽകിയ ഉറപ്പ്.
കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജിനത്തിൽ നൽകാനുള്ള തുകയായ 450 കോടിയോളം രൂപ ഈടാക്കിയശേഷം ബാക്കി നൽകിയാൽ മതിയെന്നാണ് ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥരടക്കം മുന്നോട്ടുവെച്ചിട്ടുള്ള നിർദേശം. ഇക്കാര്യം ധനമന്ത്രിയെ ബോധ്യപ്പെടുത്തി അനൂകൂല തീരുമാനമെടുപ്പിക്കാനും ഇവർ ശ്രമിക്കുന്നു. എന്നാൽ, ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും കെഎസ്.ഇ.ബിയുടെ കടം തീർക്കാൻ ധനവകുപ്പ് കാട്ടുന്ന തിടുക്കം എന്തുകൊണ്ട് മറ്റൊരു പ്രധാന പൊതുമേഖല സ്ഥാപനമായ ജല അതോറിറ്റിയുടെ കാര്യത്തിലുണ്ടാകുന്നില്ലെന്ന വിർശനമാണ് ജലവിഭവകുപ്പിൽ പൊതുവെയുള്ളത്.
വൈദ്യുതി ചാർജ് കുടിശ്ശിക ഈടാക്കി കെ.എസ്.ഇ.ബിക്ക് നൽകാൻ സർക്കാർ എല്ലാ സഹായവും നൽകുമ്പോൾ സർക്കാർ വകുപ്പുകളും പൊതുമേഖല സ്ഥാപനങ്ങളും നൽകാനുള്ള വെള്ളക്കര കുടിശ്ശിക ഈടാക്കാൻ ഒരു ഇടപെടലുമുണ്ടാകുന്നില്ലെന്നാണ് വിമർശനം. ഇതിനിടെയാണ് ജല അതോറിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണംകൂടി പിൻവലിച്ച് ധനവകുപ്പും സർക്കാറും പുതിയ പ്രതിസന്ധി സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.