ഫാറൂഖ് കോളജ്, (ഇൻസൈറ്റിൽ മാനേജ്മെന്റ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഡോ. അലി ഫൈസൽ)

വെല്ലുവിളികൾ നേരിട്ട് മുന്നേറും; ഊർജം പൂർവികരുടെ മാതൃക

മാറ്റങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന രീതിയിലുള്ള ഇൻഫ്രാസ്ട്രക്ചർ വികസനവും സാധ്യമാകേണ്ടതുണ്ട്. പുതുകാല കോഴ്സുകൾക്ക് വൻ നിക്ഷേപം ആവശ്യമാണ്. അതിന് പര്യാപ്തമായ സാമ്പത്തിക സുസ്ഥിരത കൈവരിക്കണമെന്നതും വെല്ലുവിളിയാണെന്ന് ഫാറൂഖ് കോളജ് മാനേജ്മെന്റ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഡോ. അലി ഫൈസൽ. 

വിശാലമായ കാഴ്ചപ്പാടും നേതൃപാടവവും ദീർഘവീക്ഷണവുമുള്ള എത്രയോ മഹാരഥന്മാർ... ഫാറൂഖ് കോളജിന്റെ രൂപവത്കരണത്തിലും വികസനത്തിലും അവർ വഹിച്ച പങ്ക് എത്രയോ മൂല്യമേറിയതാണ്. ഇപ്പോൾ ഫാറൂഖ് കോളജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ അഭിമാനമാണ്. ആ മഹാന്മാരുടെ കാലടികൾ പിന്തുടരാൻ ലഭിച്ച അവസരം നൽകുന്ന ഊർജം ചെറുതല്ല. കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുകയെന്ന ഫാറൂഖ് കോളജിന്റെ ശിൽപികളുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ട് ഏതാനും വർഷങ്ങളായി. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ അവർ അനുഭവിച്ച ത്യാഗങ്ങളും നേരിട്ട വെല്ലുവിളികളും നിരവധിയാണ്.

ഇപ്പോൾ രൂപവത്കരണത്തിന്റെ 75ാം വാർഷികമെന്ന ചരിത്ര മുഹൂർത്തത്തിലെത്തിനിൽക്കുമ്പോൾ ആ തലത്തിൽ നിന്ന് പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള തലത്തിലേക്ക് കോളജിനെ നയിക്കേണ്ടതെങ്ങനെയെന്ന ചർച്ചയിലാണ് ഞങ്ങൾ. പുതിയ കാലം മുന്നോട്ടുവെക്കുന്ന വെല്ലുവിളികൾ മുൻനിർത്തിയാണ് ഈ ചർച്ചകൾ. അക്കാദമികതലത്തിലും വിദ്യാഭ്യാസ നയരൂപവത്കരണത്തിലുമൊക്കെ സംഭവിക്കുന്ന മാറ്റങ്ങൾ പുത്തൻ വെല്ലുവിളികൾ മുന്നോട്ടുവെക്കുന്നുണ്ട്. മാറിവരുന്ന കാലത്തിനനുസൃതമായിട്ടുള്ള പുതിയ പാഠ്യപദ്ധതികൾ ആവിഷ്കരിക്കുകയെന്നതാണ് അതിൽ പ്രധാനം. 10 വർഷം മുമ്പ് നമ്മുടെ ആലോചനയിൽപ്പോലും ഇല്ലാതിരുന്നതരത്തിലുള്ള വളർച്ചയാണ് സാങ്കേതിക-വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ തലമുറക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള കോഴ്സുകൾ കൊണ്ടുവരണം. അതേസമയം, അവയുടെ പ്രസക്തിയും നിലനിൽപും വിലയിരുത്തപ്പെടണം. മാത്രമല്ല, നിലവിലെ കോഴ്സുകളുടെ പ്രസക്തിയും വിശകലനം ചെയ്യണം. കാലത്തിനനുസരിച്ചുള്ള പ്രയാണത്തിന് അവയെ പര്യാപ്തമാക്കുംവിധം പരിഷ്കാരങ്ങൾ വരുത്തണം. ഇതെല്ലാം മുൻനിർത്തിയുള്ള അടുത്ത അഞ്ച് അല്ലെങ്കിൽ 10 വർഷത്തേക്കുള്ള അക്കാദമിക ആസൂത്രണമാണ് ഇ​േപ്പാൾ നടക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന രീതിയിലുള്ള ഇൻഫ്രാസ്ട്രക്ചർ വികസനവും സാധ്യമാകേണ്ടതുണ്ട്. പുതുകാല കോഴ്സുകൾക്ക് വൻ നിക്ഷേപം ആവശ്യമാണ്. അതിന് പര്യാപ്തമായ സാമ്പത്തിക സുസ്ഥിരത കൈവരിക്കണമെന്നതും വെല്ലുവിളിയാണ്.

വിദ്യാഭ്യാസ നയങ്ങളിൽ, സിലബസ് പരിഷ്കരണത്തിൽ ഒക്കെ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഉയർത്തുന്ന വെല്ലുവിളിയും ഒരുവശത്തുണ്ട്. സ്വയംഭരണാവകാശമുള്ള കോളജ് എന്ന നിലക്ക് ചില അനുകൂല ഘടകങ്ങൾ ഇക്കാര്യത്തിൽ ഉണ്ടെങ്കിലും ഇത്തരം വെല്ലുവിളികൾ നേരിടുന്നതിനുള്ള മാർഗദർശനങ്ങളും മികച്ച വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെട്ട മാനേജ്മെന്റ് കമ്മിറ്റി തേടുന്നുണ്ട്. അക്കാദമിക വികസനം, സാമ്പത്തിക സ്ഥിരത, വരുമാന അടിത്തറ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം മുൻതലമുറ കാണിച്ചുതന്ന മഹനീയ മാതൃക ഞങ്ങൾക്ക് മുന്നിലുണ്ടെന്നത് ഈ മാർഗത്തിൽ മുന്നേറാൻ ഞങ്ങൾക്ക് ഊർജവും വഴികാട്ടിയും ആകുന്നുണ്ട്.●

Tags:    
News Summary - 75th Anniversary of Farooq College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.