തിരുവനന്തപുരം: സംസ്ഥാനത്ത് വളരെ ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രി സ്റ്റേറ്റ് തല ആർ.ആർ.ടി യോഗം വിളിച്ച് ചേർക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ജില്ലകളുടെ യോഗവും വിളിച്ച് സംസ്ഥാനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽമാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ മാസ്ക് നിർബന്ധമായും ധരിക്കണം.
മഴക്കാലമായതിനാൽ പകർച്ചവ്യാധികൾക്കെതിരെ നിരന്തരമായ ജാഗ്രത പുലർത്തേണ്ടതുണ്ട്. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ ജനുവരി മുതൽ നടന്നു വരുന്നു. മഴക്കാല പൂർവ ശുചീകരണ യോഗവും സംസ്ഥാന തലത്തിൽ ചേർന്നിരുന്നു.
എലിപ്പനി ബാധിച്ചാൽ തീവ്രമാകുമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മണ്ണുമായും മലിനജലവുമായും ഇടപെടുന്നവരും നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്.
മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ- മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.