കൊച്ചി: സംസ്ഥാനത്തുനിന്ന് കഴിഞ്ഞ ഒരുവർഷത്തിനിടെ നീക്കംചെയ്തത് 64,575 ടൺ മാലിന്യം. 2024 ജൂൺ മുതൽ ഈ വർഷം മേയ് വരെയുള്ള കാലയളവിൽ ക്ലീൻ കേരള കമ്പനിയാണ് 40,000ത്തോളം ഹരിത കർമസേനാംഗങ്ങൾ വഴി വിവിധ തരത്തിൽപെട്ട 6.45 കോടി കിലോ മാലിന്യം സംസ്ഥനത്തുനിന്ന് ശേഖരിച്ചത്. ഇവ സംസ്കരണത്തിനായി കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികൾക്ക് കൈമാറി.
ജലാശയങ്ങൾ ഉൾപ്പെടെ പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതര ഭീഷണിയായ മാലിന്യങ്ങളാണ് നഗരങ്ങളിൽനിന്നും നാട്ടിൻ പുറങ്ങളിൽനിന്നും നീക്കിയവയിൽ ഏറെയും. നീക്കംചെയ്ത 64575.65 ടൺ മാലിന്യത്തിൽ 16,518 ടൺ തരംതിരിച്ച പ്ലാസ്റ്റിക്, പേപ്പർ, ചില്ല്, തുണി, ഇലക്ട്രോണിക്, സ്ക്രാപ്, പൊടിച്ച പ്ലാസ്റ്റിക് എന്നിവയാണ്. സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച സ്ക്രാപ് മാത്രം 550 ടൺ വരും. 44,342 ടൺ മാലിന്യം സംസ്കരണത്തിനായി ഇതര സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികൾക്ക് കൈമാറി. ഇതിൽ 44 ടൺ മരുന്ന് സ്ട്രിപ്പാണ്. പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിഷ്ക്രിയ മാലിന്യം 3,665 ടണ്ണിലധികമുണ്ട്. പ്രിൻറർ കാട്രിഡ്ജ്, വൈദ്യുതി ട്യൂബ്, ബൾബ് എന്നിവ ഉൾപ്പെടുന്ന അപകടകരമായ മാലിന്യമാണ് 491.52 ടൺ.
ചെരിപ്പ്, ബാഗ്, തെർമോകോൾ, മരുന്ന് സ്ട്രിപ്, വാഹനങ്ങളുടെ ടയർ തുടങ്ങിയവ സിമന്റ് കമ്പനികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. പ്രതിമാസം നാലായിരം ടണ്ണോളം ഇങ്ങനെ നൽകുന്നുണ്ട്. അപകടകരമായ മാലിന്യം കൊച്ചി അമ്പലമേട്ടിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കീൽ) കമ്പനിക്ക് കൊടുക്കുന്നു. സംസ്കരണ ചെലവായി കിലോക്ക് 42 രൂപയും നികുതിയും ഈ കമ്പനിക്ക് നൽകണം.
ഇ-മാലിന്യം, സ്ക്രാപ്, അപകടകരമായ മാലിന്യം എന്നിവ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ക്ലീൻ കേരള കമ്പനി നേരിട്ട് ശേഖരിക്കുകയാണ്. മാലിന്യത്തിന്റെ അളവ് ഓരോ മാസവും കൂടിവരുന്നുണ്ടെന്നും സംസ്ഥാനത്തെ മാലിന്യം പൂർണമായും ശേഖരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, വലിച്ചെറിയുന്ന മാലിന്യത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഒരുവർഷത്തിനിടെ വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങൾവഴി ക്ലീൻ കേരള കമ്പനിക്ക് കൈമാറിയ സംസ്ഥാനത്തെ ഹരിതകർമ സേനാംഗങ്ങൾക്ക് ലഭിച്ച പ്രതിഫലം 10.40 കോടി. വീടുകൾതോറും കയറിയിറങ്ങി ശേഖരിക്കുന്ന മാലിന്യം മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികളിൽ (എം.സി.എഫ്) എത്തിക്കുകയും പിന്നീട് ഓരോന്നും തരംതിരിച്ച് മൂല്യവത്താക്കി നൽകുകയും ചെയ്യുന്നതിനാണ് ഈ തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.