ഡാനിയേൽ ജേക്കബ് ബാസ്റ്റിന് മാതാവ് ആൻ മേരി മധുരം നൽകുന്നു
കോഴിക്കോട്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 500 മാർക്കിൽ 500ഉം നേടിയാണ് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിലെ ഡാനിയേൽ ജേക്കബ് ബാസ്റ്റിൻ മിന്നും വിജയം സ്വന്തമാക്കിയത്. ഉയർന്ന മാർക്ക് വാങ്ങാൻ എല്ലാ വിനോദങ്ങളിലടക്കം കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന പഠനരീതിക്കൊരു തിരുത്തുകൂടിയാണ് സിവിൽ സ്റ്റേഷൻ ചെറുകാട്ട് ആൻ മേരിയുടെ മകൻ ഡാനിയേൽ ജേക്കബ് ബാസ്റ്റിൻ. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം കളിയുംവിനോദവുമായി പരമാവധി സമയം ചെലവഴിച്ച് അൽപംപോലും മാനസിക സമ്മർദമനുഭവിക്കായെതുള്ള പഠനത്തിനു കിട്ടിയ മാർക്കാണിതെന്ന് മാതാവ് ആൻ മേരി പറയുന്നു. എന്നാൽ, ഫുട്ബാളിനും ഗിറ്റാർ വായനക്കും മറ്റു ഗെയിംസുകൾക്കും വേണ്ടത്ര സമയം ചെലവഴിക്കുമ്പോഴും ഒരു ദിവസം പോലും പഠിപ്പിന് മുടക്കംവരുത്തിയിട്ടില്ല ഈ മിടുക്കൻ.
1999ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 13ാം റാങ്കുകാരിയായിരുന്നു മാതാവ് ആൻ മേരി. തന്റെ മികവിനെ മറികടക്കുന്ന വിജയമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മകൻ അഞ്ഞൂറിൽ അഞ്ഞൂറും നേടുമെന്ന് കരുതിയിരുന്നില്ലെന്ന് ആൻ മേരി പറഞ്ഞു. ഏഴുവർഷം മുമ്പ് മരണപ്പെട്ട എൻജിനീയറായിരുന്ന പിതാവിനുള്ള സമർപ്പണമാണ് ഈ വിജയം. ഐ.ഐ.ടിയിൽ ചേർന്നു പഠിക്കാനുള്ള ആഗ്രഹത്തിൽ എൻട്രൻസ് കോച്ചിങ് സെന്ററിൽ ചേർന്നിരിക്കുകയാണ് ഡാനിയേൽ ജേക്കബ് ബാസ്റ്റിൻ. ആറാം ക്ലാസ് വിദ്യാർഥിനിയായ ഡോണയും രണ്ടാം ക്ലാസുകാരിയായ ഗ്ലോറിയയും സഹോദരന്റെ വിജയത്തിൽ ഏറെ സന്തോഷവതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.