തലശ്ശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൂട്ടിയിടിച്ച് ഇരുബസിലെയും ഡ്രൈവർമാർ ഉൾപ്പെടെ 73 പേർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ബുധനാഴ്ച ഉച്ച 12.45 ഓടെയായിരുന്നു അപകടം.
കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന എംപറർ (ഗംഗോത്രി) ബസും കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലയൺ ബസുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗതയിൽ ദിശ തെറ്റി ഓടിയ ലയൺ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ എത്തിയ എംപറർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻഭാഗം തകർന്നു. ഡ്രൈവർമാർ കാബിനിൽ കുടുങ്ങി. ഇരു ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റു. പലർക്കും തലക്കും കൈകാലുകൾക്കുമാണ് പരിക്കേറ്റത്.
ബസുകളുടെ കൂട്ടിയടി ശബ്ദവും കൂട്ട നിലവിളിയും കേട്ട് പരിസരവാസികളും തത്സമയം ദേശീയ പാതയിലൂടെ ഓടിയ മറ്റ് വാഹനങ്ങളിലുള്ളവരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ന്യൂ മാഹി പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലും തലശ്ശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
തലശ്ശേരി ജനറൽ ആശുപത്രി, കോഓപ്പറേറ്റീവ് ആശുപത്രി, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അമിതവേഗവും അപകടകരമായ ഓവർടേക്കുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകട വിവരമറിഞ്ഞ് കാരായി രാജൻ എം. എൽ.എ, നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, സി.ഒ.ടി. ഷബീർ ഉൾപെടെയുള്ള കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപൻ, എസ്.ഐ വി. വി. ദീപ്തി, വിവിധ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ആശുപത്രികളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.