ഇംതിയാസ്

ബെംഗളൂരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശിയെ കണ്ടെത്തി

താനൂർ: നഴ്സിങ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങാൻ ബംഗളൂരുവിലേക്ക് പോയതിന് പിന്നാലെ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിൽനിന്നാണ് താനൂർ ഡിവൈ.എസ്.പി സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ കണ്ടെത്തിയത്. ആഗസ്റ്റ് ആറിന് വൈകീട്ടാണ് ഇംതിയാസ് ബംഗളൂരുവിലേക്ക് പോയത്. ഏഴിന് രാവിലെ ബംഗളൂരുവിലെത്തിയശേഷം വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇംതിയാസ് കർണാടകയിലുണ്ടെന്ന് വ്യക്തമായിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഇതിനിടെ നാഗ്പുരിൽനിന്ന് ഇംതിയാസിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തതായി കണ്ടെത്തി.മഹാരാഷ്ട്ര പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് താനൂർ പൊലീസ് സംഘം നേരിട്ട് നാഗ്പൂരിലെത്തി അന്വേഷണം നടത്തുകയായിരുന്നു.

നാഗ്പുരിലെ ഒരു അപാർട്ട്മെന്റിൽ യുവാവുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പ്രാദേശിക സഹായവും പൊലീസ് തേടി. തുടർന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്. പൊലീസ് സംഘത്തോടൊപ്പം യുവാവ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. താനൂർ എസ്.ഐ സിദ്ധാർഥ്, സി.പി.ഒ ആരോമൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. താനൂരിൽ കേസ് രജിസ്റ്റർ ചെയ്തതിനാൽ കോടതിയിൽ ഹാജരാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം യുവാവിനെ കുടുംബത്തോടൊപ്പം അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Missing Tanur native found in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.