കേരള ഹൈകോടതി

വിഴിഞ്ഞം സമരം; രണ്ട് എൻ.ജി.ഒ കളുടെ എഫ്‌സിആർഎ റദ്ദാക്കിയ കേന്ദ്ര ഉത്തരവ് റദ്ദാക്കി ഹൈകോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് രണ്ട് എൻജിഒകളുടെ വിദേശ സംഭാവന രജിസ്‌ട്രേഷൻ (എഫ്‌സിആർഎ) പുതുക്കി നൽകേണ്ടെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം കേരള ഹൈകോടതി റദ്ദാക്കി. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും, അതിന് സാമ്പത്തിക പിന്തുണ നൽകുന്നത് വിദേശ ഫണ്ട് തെറ്റായ രീതിയിൽ ഉപയോഗിക്കലോ പൊതുതാൽപ്പര്യത്തിന് വിരുദ്ധമോ ആയി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഭരണകൂടത്തിന്റെയോ രാഷ്‌ട്രീയ നേതൃത്വത്തിന്റെയോ വിയോജിപ്പ് കൊണ്ട് മാത്രം ഒരു പ്രതിഷേധത്തെ നിയമവിരുദ്ധമായ കാര്യമായി ചിത്രീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് നിരീക്ഷിച്ചു. തങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന ഒരു പദ്ധതിക്കെതിരെ ജനങ്ങൾ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് എഫ്‌സിആർഎ നിയമത്തിന്റെ ലംഘനമല്ല.

സമരങ്ങൾക്ക് ഫണ്ട് നൽകിയെന്ന് ആരോപിച്ച് ഈ സംഘടനകളുടെ രജിസ്‌ട്രേഷൻ പുതുക്കൽ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിനെ തുടർന്നാണ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാവകാശങ്ങൾ വിനിയോഗിക്കുന്നതിനെ എക്‌സിക്യൂട്ടീവ് അതൃപ്തിയുടെ പേരിൽ തടയാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി കോടതി റദ്ദാക്കിയത്.

ഏതൊരു വികസന പദ്ധതിയും പ്രദേശവാസികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത്തരം ജനകീയ മുന്നേറ്റങ്ങൾക്ക് പിന്തുണ നൽകുന്ന സംഘടനകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വിധന്യായം വ്യക്തമാക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി, ഹരജിക്കാരായ എൻജിഒകളുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ പുതുക്കൽ അപേക്ഷകൾ നിയമപ്രകാരം വീണ്ടും പരിശോധിച്ച് മൂന്ന് മാസത്തിനകം പുതിയ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. 

Tags:    
News Summary - Vizhinjam Protest Funding: Kerala HC Quashes Centre's Decision Denying FCRA Renewal to NGOs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.