ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള ‘കേരള (പേരുമാറ്റം) ബില്‍’ രാജ്യസഭയും അംഗീകരിച്ചു. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പുതിയ പേരായ ‘കേരളം’ ഔദ്യോഗികമായി നിലവിൽവരും.
ചൊവ്വാഴ്ച ബിൽ ലോക്സഭയിലെടുക്കുകയും പാസാകുകയും ചെയ്തിരുന്നു. പേരുമാറ്റത്തിനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ 2026 ഫെബ്രുവരി 24നാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നത്.
'മുഴങ്ങട്ടെ കേരളം' എന്ന പ്രചാരണം ശ്രദ്ധിച്ചാണ് പിണറായി വിജയൻ സർക്കാർ പ്രമേയം കൊണ്ടുവന്നതെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ അവകാശപ്പെടുകയുണ്ടായി. ബിജെപിക്കായി സംസാരിച്ച സുധാംശു ത്രിവേദി അബ്ദുള്‍ നാസര്‍ മദനിക്ക് വേണ്ടി കേരളം പ്രമേയം പാസാക്കിയതാണെന്നും ജിന്നയുടെ ലീഗ് സര്‍ക്കാറിന്റെ ഭാഗമാണന്നും ആരോപിച്ചത് സഭയിൽ വലിയ ബഹളത്തിന് ഇടയാക്കി.
ബിൽ നിയമമാകുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ, നാലാം ഷെഡ്യൂൾ, ആർട്ടിക്ക്ൾ 31(എ), 290(എ) എന്നിവിടങ്ങളിൽ പരാമർശിച്ചിരിക്കുന്ന ‘കേരള’ എന്നത് ‘കേരളം’ എന്നാക്കി തിരുത്തും. പേരുമാറ്റം പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഒരു വർഷത്തിനുള്ളിൽ നിലവിലുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാറിന് അധികാരമുണ്ടായിരിക്കും.
ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്ന് പ്രകാരം തനതായ മലയാള ഭാഷ പ്രയോഗം അനുസരിച്ച് സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് 2023 ആഗസ്റ്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. തുടർന്ന്, 2024 ജൂൺ 24നാണ് ഭേദഗതി വരുത്തിയ പ്രമേയം സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.