ദേശീയപാത 480 കിലോമീറ്റർ ഡിസംബറിൽ പൂർത്തിയാകും

തിരുവനന്തപുരം: കേരളത്തിലെ 642 കിലോമീറ്റർ ദേശീയപാത നിർമാണത്തിൽ 480 കിലോമീറ്റർ 2025 ഡിസംബറോ​ടെ പൂർത്തിയാകും. ദേശീയപാതയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു​ചേർത്ത അവലോകന യോഗത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. ആകെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും.

17 സ്​ട്രച്ചുകളിലായാണ്​ പ്രവൃത്തി നടന്നുവരുന്നത്​. 77 കിലോമീറ്റർ ദൂരത്തിൽ 76 കിലോമീറ്ററും പൂർത്തിയാക്കിയ മലപ്പുറം ജില്ലയിലാണ്​ പ്രവർത്തിയിൽ ഏറ്റവും മുന്നിൽ. തിരുവനന്തപുരത്ത് 30 കിലോമീറ്ററിൽ അഞ്ച്​ കിലോമീറ്റർ മാത്രമാണ്​ പൂർത്തിയായത്​. കാസർകോട്ട് 83 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പൂര്‍ത്തിയായി. കണ്ണൂര്‍ 65ല്‍ 48 കി.മീ., കോഴിക്കോട് 69ല്‍ 55 കി.മീ., തൃശൂരില്‍ 62ല്‍ 42 കി.മീ., എറണാകുളം 26ല്‍ ഒമ്പത്​ കി.മീ., ആലപ്പുഴ 95ല്‍ 34 കി.മീ., കൊല്ലം 56ല്‍ 24 കി.മീ. എന്നിങ്ങനെയാണ്​ മറ്റ്​ ജില്ലകളിലെ പ്രവർത്തനപുരോഗതി.

ദേശീയപാത അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്നും മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാത പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. കേരളത്തിന്‍റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തുവേണം പ്രവൃത്തികള്‍ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിട്രേഷന്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്ക് കൂടി സഞ്ചരിക്കാവുന്ന വിധത്തില്‍ അടിപ്പാത നിർമിക്കണം. അവിടെ ബസ് ഉടമകള്‍ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം. നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകലക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പി.ഡബ്ല്യു.ഡി സെക്രട്ടറി കെ. ബിജു, ജില്ല കലക്ടര്‍മാര്‍, ദേശീയപാത അതോറിറ്റി റീജനല്‍ ഓഫിസര്‍ കേണല്‍ എ.കെ. ജാന്‍ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - 480 km of National Highway to be completed in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.