അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂരിലെ അപകടസ്ഥലത്തുനിന്ന് നിലംപതിച്ച ഗർഡറുകൾ നീക്കുന്നു
ആലപ്പുഴ: ദേശീയപാതയിൽ മരണക്കെണിയായി അരൂർ-തൂറവൂർ ഉയരപ്പാത നിർമാണം. വീതികുറഞ്ഞ പാതയിൽ ഇതുവരെ പൊലിഞ്ഞത് 48 ജീവൻ. യാത്രികർക്ക് സുരക്ഷയൊരുക്കാതെ ദേശീയപാത അധികൃതരുടെ ‘പണി’യാണ് വില്ലനാവുന്നത്. വ്യാഴാഴ്ച പുലർച്ച 2.30ന് അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡറുകൾ നിലംപൊത്തി പിക്അപ് വാനിന് മുകളിൽ വീണ് ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ദേശീയപാത നിർമാണത്തിൽ വേണ്ട സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്ത് വെളിച്ചമില്ലാത്തതും അശാസ്ത്രീയ വഴിതിരിച്ചുവിടലും കാരണം അപകടങ്ങളും മരണങ്ങളും ആവർത്തിക്കുകയാണ്. ഇതിനു പുറമെ കോൺക്രീറ്റും ഇരുമ്പുമൊക്കെ മുകളിൽനിന്നുകൂടി വീണാൽ യാത്രികർക്ക് എന്ത് സുരക്ഷയെന്ന ചോദ്യത്തിനും ഉത്തരമില്ല. വീതികുറഞ്ഞ പാതയിൽ അപകടം പതിവായിട്ടും മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. പകലും രാത്രിയും പണിനടക്കുമ്പോൾ ഗതാഗതം നിയന്ത്രിക്കാറില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങളുടെ സഞ്ചാരം. ഗതാഗത നിയന്ത്രണത്തിന് പലയിടത്തും ആളുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ നിർമാണസ്ഥലത്തേക്ക് എത്തുന്നതും അപകടങ്ങൾക്കിടയാക്കുന്നു.
ആലപ്പുഴ ബൈപാസിൽ നാല് ഗർഡറുകൾ തകർന്നുവീണ് എട്ടുമാസം പിന്നിടുമ്പോഴാണ് അടുത്ത അപകടം. അശാസ്ത്രീയ വഴിതിരിച്ചുവിടൽ കാരണം വാഹനങ്ങൾ നിയന്ത്രണം വിട്ടുണ്ടായ അപകടങ്ങളിൽ മാത്രം ഒരുഡസനോളം മരണങ്ങൾ ഈ വർഷം മാത്രം സംഭവിച്ചിട്ടുണ്ട്. ആറുമാസം മുമ്പ് കോടന്തുരുത്തിൽ ബീമിനുമുകളിൽ ഫ്രെയിം ഒരുക്കുന്നതിനിടെ ഇരുമ്പ് ഫ്രെയിം തകർന്നുവീണ് അന്തർസംസ്ഥാന തൊഴിലാളി മരിച്ചിരുന്നു.
ആഗസ്റ്റ് 17ന് തുറവൂർ ജങ്ഷനിൽ സി-ബീം ഇറക്കുന്നതിടെയുണ്ടായ അപകടത്തിൽ തൊഴിലാളികൾക്ക് പരിക്കേറ്റു. രാത്രിയിൽ വേണ്ടത്ര വെളിച്ചവും വഴിതിരിച്ചുവിട്ടത് അറിയാനുള്ള മുന്നറിയിപ്പ് ബോർഡുകളോയില്ല. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളിൽ അപകടങ്ങൾ പതിവാകുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയാണ്.
ഗർഡർ തകർച്ച ‘തുടർക്കഥ’
ആലപ്പുഴ: ബൈപാസ് നിർമാണ വേളയിൽ ഗർഡർ തകർച്ച തുടർക്കഥ. 2024 ജൂൺ 11ന് വനിത-ശിശു ആശുപത്രിക്ക് സമീപം കോൺക്രീറ്റ് ഗർഡർ പൊട്ടിത്തെറിച്ചിരുന്നു. ബലപരിശോധനക്കുള്ള പ്രഷർ ടെസ്റ്റിനിടെയായിരുന്നു അപകടം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നായിരുന്നു വിശദീകരണം.
ആലപ്പുഴ ബൈപാസിലെ ആദ്യ മേൽപാലത്തിന്റെ നിർമാണത്തിനിടെയും തകരാർ സംഭവിച്ചിരുന്നു. കുതിരപ്പന്തിക്ക് സമീപത്ത് അപ്രോച്ച് റോഡിന്റെ ഭിത്തിയിൽ വിള്ളലുണ്ടായി മണ്ണ് പുറത്തേക്ക് വന്നിരുന്നു. ബൈപാസ് ഉദ്ഘാടനത്തിനു മുമ്പേ മാളികമുക്കിലെ അടിപ്പാതയിലും ചോർച്ചയുണ്ടായി. പാലത്തിലെ എക്സ്പാൻഷൻ ജോയന്റുകൾ ഇടക്ക് ഇളകി കുഴി രൂപപ്പെട്ടിരുന്നു.
മാർച്ച് മൂന്നിന് ആലപ്പുഴ ബീച്ച് വിജയ് പാർക്കിന് സമീപം നിർമാണത്തിലിരുന്ന രണ്ടാം ബൈപാസ് മേൽപാലത്തിന്റെ നാല് കൂറ്റൻ ഗർഡറുകൾ തകർന്നിരുന്നു. അരൂർ-തുറവൂർ ഉയരപ്പാത ഉൾപ്പെടെ നിർമിക്കുന്ന കമ്പനി തന്നെയാണ് ആലപ്പുഴയിലെ നിർമാണവും നടത്തിയത്.
90 ടണ്ണുള്ള ഗർഡറുകൾ 30 അടി ഉയരത്തിൽനിന്ന് പതിച്ച ഗർഡറുകളുടെ കമ്പി ഉൾപ്പെടെ വളയുകയും കോൺക്രീറ്റ് ചിന്നിച്ചിതറയിട്ടും കാരണം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഏപ്രിൽ 18ന് വീണ്ടും ആലപ്പുഴ ബീച്ചിൽ ഗർഡർ അപകടമുണ്ടായി. ബൈപാസ് നിർമാണത്തിന്റെ ഭാഗമായുള്ള തൂണിൽ ഘടിപ്പിക്കാനുള്ള ഗർഡറുമായി എത്തിയ ലോറി കുഴിയിൽ വീണ് ഗർഡർ രണ്ടായി ഒടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.