വായ്പയെടുത്തത് 3100 കോടി; തിരിച്ചടക്കാൻ 2925.79 കോടി -കെ.എസ്.ആർ.ടി.സി

കൊച്ചി: ഏഴ് ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് ഭൂമിയടക്കം ഈടുവെച്ച് 3100 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നും 2925.79 കോടി ഇനി തിരിച്ചടക്കാനുണ്ടെന്നും കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. കെ.എസ്.ആർ.ടി.സി ഭവൻ, ഗാരേജ്, ഡിപ്പോകൾ തുടങ്ങി 52 സ്ഥലങ്ങളാണ് ഈട് വെച്ചത്.

2023 ജൂലൈ 31ലെ കണക്ക് പ്രകാരം തിരിച്ചടവ് ബാക്കിയുള്ള തുകയാണ് കോടതിയിൽ അറിയിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റികൾക്ക് നൽകാനുള്ള കുടിശ്ശികയിൽ 10 ലക്ഷം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി 2023 ജനുവരി 20ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജീവനക്കാരിൽനിന്ന് പിരിച്ച തുക തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും പണം കിട്ടിയില്ലെങ്കിൽ പൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കി സൊസൈറ്റികൾ നൽകിയ ഹരജിയിലായിരുന്നു ഇടക്കാല ഉത്തരവ്. ഇതിനെതിരെ നൽകിയ പുനഃപരിശോധന ഹരജിയിൽ ബാധ്യതകളടക്കമുള്ള ഏറ്റവും പുതിയ ബാലൻസ് ഷീറ്റ് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.

2014ലാണ് അവസാനം ഓഡിറ്റിങ് നടത്തിയതെന്ന് കാട്ടിയാണ് കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹെന സത്യവാങ്മൂലം നൽകിയിരിക്കുന്നത്. 2014ലെ കണക്കനുസരിച്ച് 417.20 ഏക്കർ സ്ഥലമാണ് കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായുള്ളത്. ഇതുവരെ പട്ടയം ലഭിക്കാത്തതിനാൽ നികുതി അടക്കാനാവാത്ത കെട്ടിടങ്ങളടക്കമുള്ള 60 ഏക്കറും ഇക്കൂട്ടത്തിലുണ്ട്. പാട്ടത്തിനെടുത്ത 17.33 ഏക്കറുണ്ട്. ഡിപ്പോകളുടെയും മറ്റും ഭാഗമായുള്ള ഏകദേശം 26 ലക്ഷം ചതുരശ്ര അടി വരുന്ന ഓഫിസ്, ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങൾക്ക് പുറമെ 129702 ചതുരശ്ര അടിയുള്ള എട്ട് ഷോപ്പിങ് കോംപ്ലക്സുകളുണ്ട്. 102617 ചതുരശ്ര അടിയുള്ള സമുച്ചയം നിർമാണഘട്ടത്തിലാണ്.

കാസർകോട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, പയ്യന്നൂർ, കണ്ണൂർ, കൊട്ടാരക്കര, കാട്ടാക്കട, ചേർത്തല എന്നിവിടങ്ങളിലാണ് കോംപ്ലക്സുകളുള്ളത്. അതേസമയം, വായ്‌പ തിരിച്ചടവ് ഇനത്തിൽ ശമ്പളത്തിൽനിന്ന് പിടിച്ച തുക വിട്ടുകിട്ടാൻ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് കോ ഓപറേറ്റിവ് സൊസൈറ്റികൾ സർക്കാറിന് നിവേദനം നൽകാൻ ഹരജി പരിഗണിച്ച ജസ്റ്റിസ് ടി.ആർ. രവി നിർദേശിച്ചു.

Tags:    
News Summary - 3100 crores borrowed -KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.